തിരുവോണത്തിന് നാല് നാളുകള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ പൂവിലയില്‍ കാര്യമായ വർധനവ്. പൂക്കളം ഒരു വികാരമായ മലയാളിയുടെ കീശ കീറുന്ന വിലക്കയറ്റം തന്നെയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നായിരുന്നു ഇത്രയും നാള്‍ കേരളത്തിലേക്ക് ഭൂരിഭാഗം പൂക്കളും എത്തിയിരുന്നതെങ്കില്‍ ഇക്കുറി കേരളത്തില്‍ വൻ തോതില്‍ കൃഷി ആരംഭിച്ചത് കൊണ്ട് മാത്രമാണ് വില ഈ നിലയ്‌ക്കെങ്കിലും പിടിച്ചു നിർത്താൻ കഴിഞ്ഞത്.
അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയിരുന്ന പൂക്കളുടെ വിലയില്‍ വൻവർധന ഉണ്ടായിട്ടുണ്ടെങ്കിലും കേരളത്തില്‍ പഞ്ചായത്തുകളുടെയും അല്ലാതെ മറ്റ് സംഘടനകളുടെയും ഒക്കെ നേതൃത്വത്തില്‍ വൻ തോതില്‍ കൃഷി ആരംഭിച്ചതോടെ പൂക്കളുടെ ലഭ്യത കൂടിയിട്ടുണ്ട് എന്നതാണ് പ്രത്യേകത. എങ്കിലും ഓണം സീസണ്‍ ആയതോടെ മുല്ല ഉള്‍പ്പെടെയുള്ള ആവശ്യക്കാർ ഏറെയുള്ള പൂക്കള്‍ക്ക് വില കുത്തനെ ഉയർന്നിട്ടുണ്ട്.
മുല്ലപ്പൂവിന് കിലോ 700 രൂപ വരെയാണ് ഇപ്പോഴത്തെ വില. പിച്ചിയുടെ വില 600 രൂപയാണ് നിലവില്‍. ഇതിന് പുറമേ മറ്റ് പ്രധാന പൂക്കള്‍ക്ക് കാര്യമായ വിലവർധനവ് ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജമന്തി മഞ്ഞ-150, ജമന്തി വെള്ള-200, വാടാമല്ലി-150 എന്നിങ്ങനെയാണ് മറ്റ് പൂക്കളുടെ വിലകള്‍.
എന്നാല്‍ വരും ദിവസങ്ങളില്‍ വില കൂടുതല്‍ ഉയരാനാണ് സാധ്യത. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് ഓഫീസുകള്‍ എന്നിങ്ങനെ വിവിധ ഇടങ്ങളില്‍ ഓണാഘോഷം തകൃതിയായി നടക്കുന്ന സമയം കൂടിയാണിത്. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ നിലവാരം മാറുമെന്നും വില കൂടുമെന്നും കരുതപ്പെടുന്നു. മലബാറിലേക്ക് ഇക്കുറി ഗുണ്ടല്‍പേട്ട് അടക്കമുള്ള മേഖലകളില്‍ നിന്നും പൂവെത്തുന്നുണ്ട്. പ്രാദേശിക കൃഷി ഇവിടെയും വിലയെ പിടിച്ചു നിർത്തും എന്നാണ് കരുതുന്നത്.