മറൈന്‍ ഡ്രൈവിലെ ഫ്‌ളവര്‍ ഷോ കാണാനെത്തിയ വീട്ടമ്മതെന്നിവീണ് ഗുരുതര പരിക്ക്. നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയില്‍ തട്ടി വീണ വീട്ടമ്മയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. ഫ്‌ളവര്‍ ഷോ നടക്കുന്ന സ്ഥലത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും വീണാണ് കടവന്ത്ര സ്വദേശിനിയായ ബിന്ദുവിന് പരുക്കേറ്റത്. തുടര്‍ന്ന് ഫ്‌ളവര്‍ ഷോയ്ക്ക് കോര്‍പ്പറേഷന്‍ സ്റ്റോപ്പ് മെമോ നല്‍കി.
അതേസമയം അപകടം സംഭവിച്ചിട്ടും അധികൃതര്‍ ഇടപ്പെട്ടില്ലെന്ന് ബിന്ദു പറഞ്ഞു. സംഘാടകരെ അറിയിച്ചെങ്കിലും സഹായം നല്‍കിയില്ലെന്നും സ്വയം വാഹനം വിളിച്ച് ആശുപത്രിയില്‍ പോവുകയാണ് ഉണ്ടായതെന്നും വീട്ടമ്മ പറഞ്ഞു. കൈയ്ക്ക് ഒടിവുണ്ടെന്നും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും ബിന്ദു പറഞ്ഞു.
ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. അപകടത്തില്‍ ജില്ലാ കലക്ടര്‍ക്കും ജി.സി.ഡി.എ സെക്രട്ടറിക്കും കുടുംബം പരാതി നല്‍കി. എറണാകുളം അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ജി.സി.ഡി.എയമായിരുന്നു സംഘാടകര്‍. കൊച്ചി കോര്‍പറേഷന്റെ ഉത്തരവിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഫ്‌ളവര്‍ ഷോ നിര്‍ത്തി.