X

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് തീരം തൊട്ടു

 

വാഷിംങ്ടണ്‍: രാജ്യത്തിന് ഭീഷണി ഉയര്‍ത്തി ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് യുഎസ് തീരം തൊട്ടു. ചുഴലിക്കാറ്റിന്റെ ഭാഗമായി തീരങ്ങളില്‍ കനത്ത ശക്തിയിലാണ് കാറ്റ് അടിക്കുന്നത്. തീരങ്ങളില്‍ മീറ്ററുകള്‍ ഉയരത്തില്‍ തിരമാലകള്‍ അടിക്കുകയാണ്. ശക്തമായ സുരക്ഷയാണ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്.
യുഎസിലെ കിഴക്കന്‍ തീരത്താണ് ചുഴലിക്കാറ്റ് ആദ്യം വീശിയടിച്ചത്. തീരത്തെത്തിയതോടെ ശക്തമായ കാറ്റും മഴയും തുടരുകയാണ്. വ്രൈറ്റ്വില്ലി ബീച്ചില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. ന്യൂബര്‍ലിനില്‍ നിന്നും ആയിരങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്. ഇവിടെ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.
ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും 15 ലക്ഷം പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. മൂന്ന് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ബ്രണ്ടന്‍ ലോക്ലിയര്‍ പറഞ്ഞു. അതേസമയം കരയിലേക്ക് അടുക്കുന്തോറും ചുഴലിക്കാറ്റിന് വേഗത കുറയുമെന്നും ഒരു വിഭാഗം കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ദ്വീപുകളില്‍ ശക്തമായ പ്രളയത്തിന് ചുഴലിക്കാറ്റ് കാരണമായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണ്ടെത്തല്‍.
നോര്‍ത്ത് കരോലിന്‍ ഭാഗത്തും സൗത്ത് കരോലിന്‍ ഭാഗത്തുമാണ് കാറ്റ് വീശാന്‍ സാധ്യത. നോര്‍ത്ത് കരോലിന്റെ തീരങ്ങളില്‍ തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. മീറ്ററുകള്‍ ഉയരത്തിലാണ് തീരമാലകള്‍ തീരം തൊടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെറുതുറമുഖങ്ങള്‍ക്കും ബോട്ട് ജട്ടികള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം കാറ്റിനൊപ്പം ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നത്. മഴയും ശക്തമായിട്ടുണ്ട്. അതേസമയം കാറ്റിന് വേഗത കുറഞ്ഞെങ്കിലും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരും വീടുകളിലേക്ക് തിരിച്ച് പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അതേസമയം ഫിലിപ്പീന്‍സ് തീരം ലക്ഷ്യമാക്കി മാംഗ്ഘൂട്ട് ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച പുലര്‍ച്ചയോടെ മാംഗ്ഘൂട്ട് ഫിലിപ്പീന്‍സില്‍ വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിരിക്കുന്നത്.

chandrika: