X

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് ഭീതിയില്‍ അമേരിക്ക

ഫ്‌ളോാറന്‍സ് ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക് കടക്കുന്നു. നോര്‍ത്ത് കരോലീന തീരത്തേക്കാവും കാറ്റ് ആദ്യമെത്തുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമേരിക്കന്‍ സമയം ഇന്നു രാത്രി വൈകി അല്ലെങ്കില്‍ നാളെ പുലര്‍ച്ചെയോ കാറ്റെത്തും.

നിലവില്‍ നോര്‍ത്ത് കരോലിനയ്ക്ക് 625 മൈല്‍ അകലെ വരെ ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് എത്തിയിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 225 കിലോമീറ്ററിലധികം ആയിരിക്കും. ഇതിനൊപ്പം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കനത്ത മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ കിഴക്കന്‍ തീരപ്രദേശത്തുനിന്ന് 15 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

കാറ്റഗറി നാലില്‍നിന്ന് കാറ്റഗറി അഞ്ചിലേക്ക് ചുഴലി കൊടുങ്കാറ്റ് മാറുകയാണെന്നാണ് റിപ്പോര്‍ട്ട്. കരോലിനക്ക് പുറമെ വിര്‍ജീനിയയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ജനങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. കൊടുങ്കാറ്റ് അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രളയം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

chandrika: