X

പ്രളയം: കേരളത്തിന് 50 കോടിയുടെ സഹായ പദ്ധതിയുമായി ഷംഷീര്‍ വയലില്‍

തിരുവനന്തപുരം: പ്രളയം ദുരിതം വിതച്ച കേരളത്തിന് കാരുണ്യത്തിന്റെ സഹായ ഹസ്തവുമായി പ്രവാസി വ്യവസായി ഡോ.ഷംഷീര്‍ വയലില്‍. കേരളത്തെ ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ 50 കോടി രൂപയുടെ സഹായ പദ്ധതി ആവിഷ്‌കരിക്കുമെന്നു വി പി എസ് ഹെല്‍ത്ത് കെയര്‍ സി എം ഡി ഡോ. ഷംഷീര്‍ വയലില്‍ അറിയിച്ചു.

റിബില്‍ഡ് കേരള എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സംസ്ഥാനത്തിന്റെ സമഗ്ര പുനരധിവാസത്തിന് വി.പി.എസ് ഗ്രൂപ് വഴിയൊരുക്കുന്നത്. പുനരധിവാസ ക്യാമ്പിലേക്കുള്ള മരുന്നുകള്‍, വസ്ത്രങ്ങള്‍, ഭക്ഷണ പൊതികള്‍, കുടിവെള്ളം എന്നിവ ഉള്‍പ്പെടെയുള്ള നൂറു ടണ്‍ സാമഗ്രികള്‍ അബുദാബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ വരും ദിവസങ്ങളില്‍
തിരുവനന്തപുരത്തെത്തിക്കാനാണ് പദ്ധതി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയും, പിന്തുണയും തേടും.

ദുരന്തത്തിന് ഇരയായവരുടെ ആരോഗ്യം, വിദ്യാഭ്യാസം, എന്നീ മേഖലകളില്‍ വിദഗ്ധരുടെ സഹായത്തോടെ വിവിധ പദ്ധതികള്‍ നടപ്പാക്കും. ദുരന്ത ബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു
നല്‍കാനും വി.പി.എസ് ഗ്രൂപ് മുന്‍കൈ എടുക്കും. തദ്ദേശ സ്ഥാപനങ്ങളുമായി
സഹകരിച്ചു പുനരധിവാസത്തിനു ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും
ഷംഷീര്‍ വയലില്‍ അറിയിച്ചു. ഗള്‍ഫിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലുമുള്ള വി.പി.എസ് ആശുപത്രി ശൃങ്ങലയുടെ മേധവിയാണ് കോഴിക്കോട് നിവാസിയായ ഡോ.ഷംഷീര്‍ വയലില്‍. 13000 ജീവനക്കാരാണ് വി.പി.എസ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്.

chandrika: