ഡോ. പി.പി മുഹമ്മദ്
ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ പ്രളയം കേരളമാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. മലനാടും ഇടനാടും പീഠഭൂമിയും ഒരുപോലെ കുത്തിയൊലിച്ചു പോയി. എല്ലാ അളവുകോലുകളും മറികടന്ന് പ്രളയജലം വീടുകളിലും നാടുകളിലും മറ്റു ജനവാസ മേഖലകളിലും ഇരച്ചുകയറി. 483 മനുഷ്യരോടൊപ്പം നിരവധി മൃഗങ്ങള്‍ക്കും ലക്ഷക്കണക്കിന് പക്ഷികള്‍ക്കും ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു. ഇനിയുമായിരങ്ങള്‍ മരണത്തെ നേരില്‍ കാണുകയോ, മരണാസന്നരാവുകയോ ചെയ്തിരിക്കും. സാഹസികമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം സാക്ഷിയായി. നാവികരും വൈമാനികരും വിവിധ സേനാവിഭാഗങ്ങളും കടലിന്റെ മക്കളും സന്നദ്ധസേവകരും ഒത്തൊരുമിച്ച് ഒരു മെയ്യായി ഒറ്റക്കരളായി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയപ്പോള്‍ മരണസംഖ്യയും നാശനഷ്ടങ്ങളും ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു.
നാല്‍പതിനായിരത്തോളം കോടിനാശനഷ്ടങ്ങളുണ്ടായി എന്നും കാര്‍ഷിക മേഖലക്ക് തന്നെ അയ്യായിരം കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നുമുള്ള ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നു. സ്ഥാവരജംഗമ സ്വത്തുക്കളുടെ ആധാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും മറ്റു വിലപ്പെട്ട രേഖകളും പാഠപുസ്തകങ്ങളും ഗവേഷക പ്രൊജക്ടുകളും തീസിസുകളുമുള്‍പ്പടെ എല്ലാം വീണ്ടെടുക്കാന്‍ കഴിയാത്ത വിധം കുതിര്‍ന്നപ്പോള്‍ നഷ്ടത്തിന്റെ ആഘാതം ഇനിയുമെത്രയോ ആയിരം കോടികളാണ് എന്ന് അനുമാനിക്കാം. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, പന്തളം, നിലമ്പൂര്‍ മുതലായ പ്രദേശങ്ങളില്‍ അതി തീവ്രമായി കെടുതികള്‍ സംഭവിച്ചപ്പോള്‍ എറണാകുളം, തൃശൂര്‍ പോലെയുള്ള ജില്ലകളില്‍ ഏതാണ്ട് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയെന്ന് പറയാം. ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും ലഭ്യമായ സ്രോതസ്സുകളില്‍ നിന്നെല്ലാം വിഭവ സമാഹരണങ്ങള്‍ നടത്തിയും വായ്പയെടുത്തും കെട്ടിപ്പടുത്ത വീടുകളും ജീവിതോപാധികളും വ്യവസായ സംരംഭങ്ങളും കൃഷിഭൂമിയും കാലിസമ്പത്തും എല്ലാം നഷ്ടമായവരുണ്ട്.
കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും വീടുകള്‍ വൃത്തിയാക്കാനും മറ്റുമായി ധാരാളം സന്നദ്ധപ്രവര്‍ത്തകര്‍ തയ്യാറായി. ഈ പ്രവര്‍ത്തികള്‍ക്കിടയില്‍ തന്നെ കെട്ടിടങ്ങളും വീടുകളും തകരുകയും ഈ ഘട്ടങ്ങളിലും ചില ആളുകള്‍ മരിക്കുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും തിരിച്ചെത്തി വീടുകളില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്ന വീടുകള്‍, കുതിര്‍ന്ന് തീര്‍ത്തും ഉപയോഗശൂന്യമായ വീട്ടുപകരണങ്ങള്‍, ഒഴുക്കിന്റെ ശക്തിയില്‍ തീര്‍ത്തും നശിച്ച ഫ്രിഡ്ജുകള്‍, ടി.വികള്‍ മറ്റു വിവിധ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നാശനഷ്ടങ്ങളുടെ ആഘാതത്തില്‍ പലരെയും വല്ലാതെ ഉലച്ചുകളഞ്ഞ കാഴ്ചകള്‍ കേരളത്തില്‍ ഉടനീളം കാണാം.
വീടുകളുടെ പുതിയ രൂപവും നഷ്ടങ്ങളുടെ ആധിക്യവും പലരേയും വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ട്. വൃദ്ധരിലും കുട്ടികളിലും കൗമാരക്കാരിലുമാണ് കൂടുതല്‍ ആഘാതങ്ങള്‍ സൃഷ്ടിച്ചത്. അവരില്‍ പൊതുവെ ദൃശ്യമായത് ഇങ്ങനെ സംഗ്രഹിക്കാം. എല്ലാവരോടും ദേഷ്യം. എല്ലാത്തിനോടും എതിര്‍പ്പും പുച്ഛവും സ്വന്തത്തോടും ദൈവത്തോടും വെറുപ്പും ഒരു തരം കുറ്റബോധവും ആത്മനിഷേധവും ഇവരെ ബാധിച്ചതായി കാണുന്നു. ഭാവിയെക്കുറിച്ച അമിതമായ ഉത്കണ്ഠയും നിരാശാബോധവും ഉറക്കം ഭാഗികമായി തടസ്സപ്പെടുത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഭക്ഷണത്തിന് രുചി കുറയുക, വയറിളക്കം, ശരീരം ക്ഷീണിച്ച് പോവുക, ഭാരം കുറഞ്ഞ് ശുഷ്‌ക്കിച്ച് വരിക, അലക്ഷ്യമായി കറങ്ങി നടക്കുന്ന പ്രവണത മുതലായവ ദൃശ്യമാവുകയും ചിലരെങ്കിലും മദ്യപാനം, പുകവലി എന്നിവയിലേക്ക് ഈ ചുരുങ്ങിയ കാലം കൊണ്ട് അഭയം തേടുന്നതായി കണ്ടു. മരിച്ചവര്‍ തിരിച്ചുവരാത്തത് പോലെ തങ്ങളുടെ സ്വത്തും ജീവിതവും ഇനി ഒരിക്കലും പുരോഗതി പ്രാപിക്കില്ല എന്ന നിരാശയില്‍ ദീര്‍ഘശ്വാസം വലിക്കുന്നവരെയും ഇടക്കിടക്ക് കരഞ്ഞ് കൊണ്ടിരിക്കുന്നവരെയും കാണാമായിരുന്നു. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള വിരക്തി, സാമൂഹിക അവലംബവും ആത്മവിശ്വാസവും നഷ്ടപ്പെട്ടതായ അവസ്ഥ മുതലായവ ഇവരില്‍ ചിലര്‍ പ്രകടിപ്പിച്ചു. ചിലര്‍ തീവ്രദുഃഖിതരായും പൂര്‍ണ്ണ വിഷാദരോഗികളായും മാറിയതായി കാണപ്പെട്ടു. ഏതാണ്ട് നാല്‍പതിനായിരത്തോളം ആളുകളില്‍ ആയിരത്തി ഇരുനൂറിലധികം പേരിലും പലതരത്തിലുള്ള മാനസിക പ്രയാസങ്ങളും മനഃശാസ്ത്രപരമായ ലക്ഷണങ്ങളും പ്രശ്‌നങ്ങളും ദൃശ്യമായി. എറണാകുളം ജില്ലയില്‍ പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് നടത്തിയ പഠനവും ശ്രദ്ധേയമാണ്. ആലുവ, വൈപ്പിന്‍, അങ്കമാലി, എറണാകുളം, തൃപ്പൂണിത്തുറ തുടങ്ങിയ പ്രദേശങ്ങളില്‍ സാധാരണ വീടുകളിലും #ാറ്റ് സമുച്ചയങ്ങളിലും വസിക്കുന്ന ഒട്ടേറെ പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ഇതില്‍ വീട് പൂര്‍ണ്ണമായും ഒലിച്ചുപോയവരും കെട്ടിടങ്ങളുടെ ഉയര്‍ന്ന നിലകളില്‍ അഭയം തേടിയവരും ഭക്ഷണവും വെള്ളവും ലഭിക്കാതെ ബുദ്ധിമുട്ടിയവരും ഉള്‍പ്പെടുന്നു. ഇവരില്‍ ചിലരുടെ കുടുംബാംഗങ്ങള്‍ പ്രളയത്തില്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തിലധികം പേരെ പല രീതികളില്‍ നടത്തിയ പഠനത്തില്‍ ഏതാണ്ട് രണ്ടായിരത്തി അറുനൂറോളം പേരും മനഃശാസ്ത്രപരമായി പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് പഠനം തെളിയിക്കുന്നതായി കണ്ടു. മേല്‍ പറഞ്ഞ ലക്ഷണങ്ങളൊക്കെ വ്യത്യസ്ത അളവുകളില്‍ ഇവരിലും പ്രത്യക്ഷപ്പെട്ടിരുന്നു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെ പല സാമൂഹ്യപ്രവര്‍ത്തകരും മനശാസ്ത്രജ്ഞരും മതപ്രഭാഷകരും പുരോഹിതന്മാരും പ്രളയ ബാധിതരെ കാണുകയും അവര്‍ക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സാന്ത്വന വചനങ്ങളും കൗണ്‍സിലിംഗും നടത്തിയിരുന്നു. ഇവയൊക്കെയും താല്‍കാലികമായി മാനസികാഘാതം കുറക്കാനും ജീവന്‍ തിരിച്ചു കിട്ടിയത് തന്നെ വലിയ ഭാഗ്യമെന്ന തിരിച്ചറിവ് ലഭിക്കാനും പര്യാപ്തമായിരുന്നു. ക്യാമ്പുകളിലാണെങ്കില്‍ പല ശ്രേണിയിലുള്ള വിവിധ ആളുകള്‍ ആശയ വിനിമയം നടത്തുമ്പോള്‍ പൊതുവായ ആത്മാവലോകനത്തിന് അവര്‍ വിധേയമാവുകയും ആശ്വാസ വചനങ്ങളിലൂടെ കുറെയൊക്കെ ശാന്തത ലഭിക്കുന്ന അവസ്ഥ സംജാതമാവുകയും ചെയ്തിരുന്നു. വീട്ടിലെത്തി അവിടെ ഒറ്റക്കാകുമ്പോള്‍ നാശനഷ്ടത്തെ കുറിച്ചോര്‍ത്ത് ആധിയും വ്യാധിയും സംഘര്‍ഷവും പിരിമുറുക്കവും വല്ലാതെ കീഴടക്കുന്നു. പുനരധിവാസവും പുനര്‍നിര്‍മ്മാണവും പൂര്‍ത്തിയാവാന്‍ ഏതാണ്ട് ഒരു ദശകമെടുക്കുമെന്ന് ഏവര്‍ക്കുമറിയാമല്ലോ. മനഃശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവവരെ ശാസ്ത്രീയവും പ്രൊഫഷണലുമായ പരിചരണത്തിലൂടെ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. ഹ്രസ്വകാല നടപടികളും ദീര്‍ഘകാല നിലപാടുകളും ഇതിനായ് ആവശ്യമായി വരും. കുടുംബവും സമൂഹവും സര്‍ക്കാറും സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും ഒപ്പമുണ്ടെന്ന വിശ്വാസം ഇവരില്‍ ഊട്ടിയുറപ്പിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാന്‍ സാധിക്കണം. ഇവരില്‍ ആത്മവിശ്വാസവും ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയും വളര്‍ത്തിയെടുക്കാന്‍ സാധിക്കുമാറ് ശാസ്ത്രീയ സംരംഭങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലൂടെ സ്വയം പര്യാപ്തരാക്കി ജീവിതം തിരിച്ചുപിടിക്കാനും പുനര്‍ നിര്‍മ്മിക്കാനും സജ്ജമാക്കേണ്ടതുണ്ട്. സോഷ്യല്‍ വര്‍ക്കിലും മനഃശാസ്ത്രത്തിലും സാമൂഹ്യശാസത്രത്തിലും പോസ്റ്റ് ഗ്രാജുവേറ്റ് ഗവേഷക ബിരുദം നേടിയവരുടെ സേവനം ഉറപ്പാക്കിമാത്രമേ ഇത് സാധ്യമാകുകയുള്ളൂ. സര്‍ക്കാര്‍ തലത്തിലും സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലും എന്‍.ജി.ഒ തലങ്ങളിലും ഇത്തരം സംരംഭങ്ങള്‍ സംഘടിപ്പിക്കാവുന്നതാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കണ്ടത്‌പോലെ ജാതി മത രാഷ്ട്രീയ വര്‍ഗ വര്‍ണ്ണ വിഭാഗീയതകള്‍ക്കതീതമായി കൂട്ടായ്മ രൂപപ്പെടുത്താവുന്നതാണ്. ഈ ലക്ഷ്യം വെച്ച് ഓരോ ജില്ലയിലും ടാസ്‌ക് ഫോഴ്‌സ് രൂപപ്പെടുത്തുക, ഒന്നോ രണ്ടോ ദിവസം നിലനില്‍ക്കുന്ന വര്‍ക്ക്‌ഷോപ്പിലൂടെയോ, പരിശീലന പരിപാടിയിലൂടെയോ പ്രൊഫഷണലുകളെ സംഘടിപ്പിക്കുക, ഈ സംഘത്തെ ഉപയോഗിച്ച് ഓരോ ജില്ലയിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുക, മനപ്രയാസങ്ങള്‍ ദൂരീകരിക്കാനും കൂടുതല്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ കൗണ്‍സലിംഗിലൂടെയും ക്ലിനിക്കല്‍ സമീപനങ്ങളിലൂടെയും അത്യാവശ്യമായി വരുന്നവര്‍ക്ക് സൈക്യാട്രിക് ചികിത്സകളും നടത്താന്‍ ഈ ടാസ്‌ക് ഫോഴ്‌സിനെ ഉപയോഗപ്പെടുത്തുക എന്നതായിരിക്കണം ഉദ്ദേശം.
എന്‍.ജി.ഒകളും സന്നദ്ധ സംഘടനകളും മതരാഷ്ട്രീയ പ്രസ്ഥാനങ്ങളും സംയുക്തമായി ഇത്തരം ഗ്രൂപ്പുകള്‍ രൂപപ്പെടുത്തി പരിശീലിപ്പിക്കാന്‍ മുതിര്‍ന്നാല്‍ വലിയ പ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. വിവിധ സര്‍വകലാശാലകളിലെയും സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി വിഷയങ്ങളില്‍ പി.ജി ഗവേഷണ പഠനങ്ങള്‍ നടത്തുന്നവരെയും അധ്യാപകരെയും ഉപയോഗപ്പെടുത്തി കേരളത്തിന്റെ മാനസികാരോഗ്യം ശക്തിപ്പെടുത്താനും നവകേരള സൃഷ്ടിയെ ഊര്‍ജ്ജ്വസ്വലതയോടെ സ്വാഗതം ചെയ്യാനും ഒന്നായി മുന്നേറാം.
(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാറാണ് ലേഖകന്‍)