X

കോട്ടയത്ത് വെള്ളപ്പൊക്ക ഭീഷണി

 

കോട്ടയം: വീണ്ടും വെള്ളപ്പൊക്ക ഭീഷണിയുയര്‍ത്തി കോട്ടയത്തു മഴ. ഉച്ചയോടെയാണ് വെള്ളക്കെട്ടിലായ കോട്ടയത്തെ താഴ്ന്നപ്രദേശങ്ങളെ ആശങ്കയിലാക്കി വീണ്ടും മഴയെത്തിയത്. ഇന്നലെ മുതല്‍ മഴ പെയ്യാത്തതിനെ തുടര്‍ന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വെള്ളം ഇറങ്ങുന്നതിനിടെയാണു വീണ്ടും മഴപെയ്തത്. ഇതോടെ വെള്ളം വീണ്ടും ഉയരുമെന്ന ഭയത്തിലാണു പ്രദേശവാസികള്‍.
കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലേയും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ പഞ്ചായത്തുകളിലേയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പരീക്ഷകളുടെ മാറ്റം സംബന്ധിച്ച അറിയിപ്പുകള്‍ അതത് യൂണിവേഴ്‌സിറ്റികള്‍/സ്ഥാപനങ്ങള്‍ നല്‍കുന്നതാണ്. കോട്ടയം ജില്ലയില്‍ ഇന്നലെ വൈകിട്ട് ആറ് മണി വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 164 ദുരിതാശ്വാസ ക്യാമ്പുകളിലായി 32656 പേരെ മാറ്റി പാര്‍പ്പിച്ചു. 8963 കുടുംബങ്ങളെയാണ് കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, മീനച്ചില്‍ താലൂക്കുകളിലുളള വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിട്ടുള്ളത്.
ട്രെയിന്‍ ഗതാഗത നിയന്ത്രണം നീക്കി. പാലങ്ങളില്‍ വേഗനിയന്ത്രണം മാത്രമാക്കി. തുടര്‍ച്ചയായ അഞ്ചാം ദിവസവും ചെങ്ങനാശേരി എസി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രണ്ടാം ദിവസമാണ് പൂര്‍ണമായും ഗതാഗതം മുടങ്ങുന്നത്. ഇന്നലെ രാവിലെ എസി റോഡിലൂടെ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി ശ്രമിച്ചെങ്കിലും തുടക്കത്തില്‍ത്തന്നെ വെള്ളം കയറിക്കിടക്കുന്നതിനാല്‍ സര്‍വീസ് വേണ്ടെന്നു വച്ചു. കളര്‍കോട് പക്കി ജംക്ഷന്‍ മുതല്‍ വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങള്‍ എസി റോഡില്‍ പ്രവേശിക്കാതിരിക്കാന്‍ തുടക്കത്തില്‍ത്തന്നെ പൊലീസ് ബാരിക്കേഡ് വച്ചിട്ടുണ്ട്.എസി റോഡുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ റൂട്ടുകളിലും വാഹന ഗതാഗതം മുടങ്ങിക്കിടക്കുകയാണ്. യാത്രക്കാരുടെ ആവശ്യം അനുസരിച്ചു കോട്ടയത്തേക്കു പോകുന്നവര്‍ക്കായി അമ്പലപ്പുഴ വഴി തിരുവല്ലയ്ക്കു കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്.
കൊക്കയാര്‍ വില്ലേജില്‍ കുഴിപ്പാപറമ്പില്‍ സ്റ്റോറിന് മുന്‍ഭാഗത്ത് പൂവഞ്ചി പാറമടയില്‍ വീണ് കാണാതായ രണ്ടുപേരില്‍ അടൂര്‍ താലൂക്കില്‍ കടമ്പനാട് വില്ലേജില്‍ മേലത്തൂര്‍ തെക്കേതില്‍ പ്രവീണ്‍ (27 വയസ്സ്) എന്നയാളുടെ മൃതദ്ദേഹം ലഭിച്ചു. ജില്ലയില്‍ മരണസംഖ്യ എട്ടായി. ഒരാളെ കണ്ടെത്താനായില്ല. കൊച്ചി നേവല്‍ ബേസിലെ അഞ്ചു പേരടങ്ങുന്ന മുങ്ങല്‍ വിദഗ്ധസംഘമാണ് തിരച്ചില്‍ നടത്തിയത്. ഇന്നലെ രാവിലെ ഏഴു മണിയോടെ ആരംഭിച്ച തിരച്ചില്‍ നേവി താത്കാലികമായി അവസാനിപ്പിച്ചു. മുണ്ടക്കയം, എരുമേലി, പരുത്തിപ്പാലം പ്രദേശങ്ങളിലാണ് തിരച്ചില്‍ നടത്തിയത്.
കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ 10.42 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പ് അറിയിച്ചു.
തലയാഴം, കല്ലറ, വെച്ചൂര്‍, കുമരകം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം നെല്‍കൃഷി നശിച്ചത്. ഈ മേഖലയിലെ വാഴ, കപ്പ, തെങ്ങ് ഉള്‍പ്പെടെയുള്ള കൃഷി പൂര്‍ണമായും നശിച്ചു. 117 ഹെക്ടറോളം പച്ചക്കറി കൃഷിയ്ക്കും നാശം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മഴക്കെടുതി മൂലം ഒറ്റപ്പെട്ട വീടുകളില്‍ നിന്നും ക്യാംപിലേക്ക് മാറാന്‍ തയ്യാറായ 3000 ഓളം ആളുകളെയാണ് ദേശീയ ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സും പോലീസ് സേനയും ചേര്‍ന്ന് ഈ ദിവസങ്ങളില്‍ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചത്. ഗര്‍ഭിണികള്‍ക്കും കൈക്കുഞ്ഞുകള്‍ക്കും അമ്മമാര്‍ക്കും ആവശ്യമായ പ്രഥമ ശുശ്രൂഷ നല്‍കിയാണ് ക്യാമ്പുകളിലെത്തിച്ചത്.
കോട്ടയം താലൂക്കില്‍ ഒരു പശുവും അഞ്ച് പോത്തുകളും വെള്ളത്തില്‍ വീണ് ഒഴുകി പോയി. വെള്ളപ്പൊക്കത്തില്‍ കുമരകം പഞ്ചായത്തില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള കോഴി വളര്‍ത്തല്‍ കേന്ദ്രം നശിച്ചു.

chandrika: