കല്‍പ്പറ്റ: പുത്തുമലയില്‍ കഴിഞ്ഞ മാസം 8നുണ്ടായ വന്‍ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ട 93 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതിനായി നാളെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര പ്രളയസഹായധനമായ 10000 രൂപ ലഭ്യമാക്കുന്നതിനായാണ് ക്യാമ്പ്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് സബ് എന്‍.എസ്.കെ ഉമേഷ് ചന്ദ്രികയോട് പറഞ്ഞു. വീട് തകര്‍ന്ന 87 കുടുംബങ്ങളുടെയും എസ്‌റ്റേറ്റ് പാടി തകര്‍ന്ന് കിടപ്പാടം നഷ്ടമായ 6 കുടുംബങ്ങളുടെയും സഹായം രേഖകളില്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ തടഞ്ഞുവെക്കുന്നതായി കഴിഞ്ഞ ദിവസം ചന്ദ്രിക വാര്‍ത്ത നല്‍കിയിരുന്നു.
പുത്തുമലയില്‍ കിടപ്പാടം നഷ്ടപ്പെട്ടവരില്‍ ആര്‍ക്കും സഹായം നഷ്ടമാവില്ലെന്ന് സബ് കലക്ടര്‍ ഉറപ്പുനല്‍കി. റവന്യൂ വകുപ്പില്‍ നിന്ന് ഇത് സംബന്ധിച്ച് ഫയലുകളെല്ലാം അയച്ചതാണ്. ജില്ലയിലെ ദുരിതാശ്വാസത്തിന് അര്‍ഹരായ എണ്ണായിരത്തോളം പേരില്‍ 2900 പേര്‍ക്കാണ് ഇതിനകം തുക ലഭിച്ചത്. അവശേഷിക്കുന്നവര്‍ക്കും ഉടന്‍ തന്നെ തുക അവരുടെ അക്കൗണ്ടിലെത്തും. പുത്തുമല ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപ ഇതിനകം നല്‍കിക്കഴിഞ്ഞതായും അദ്ദേഹം വിശദീകരിച്ചു.
38 ദിവസം മുമ്പാണ് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ നിരവധി വീടുകളും പ്രദേശത്തെ തോട്ടം തൊഴിലാളികള്‍ താമസിച്ചിരുന്ന രണ്ട് ലയങ്ങളും തകര്‍ന്നു. വീട് തകര്‍ന്ന 87 കുടുംബങ്ങളുടെയും എസ്‌റ്റേറ്റ് പാടി തകര്‍ന്ന് കിടപ്പാടം നഷ്ടമായ 6 കുടുംബങ്ങളുടെയും ലിസ്റ്റ് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നിന്നും സര്‍ക്കാരിന് നല്‍കിയിട്ടും ഇവര്‍ക്ക് ധനസഹായം നിഷേധിക്കപ്പെടുന്നത് ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
ദുരന്തത്തെ തുടര്‍ന്ന് ആദ്യം മേപ്പാടി ഗവ. സ്‌കൂളിലെ ക്യാമ്പിലേക്കാണ് 93 കുടുംബങ്ങളെയും മാറ്റിയത്. ക്യാമ്പ് അടച്ചതോടെ ബന്ധുവീടുകളിലും വാടകക്കും മറ്റുമായാണ് ഇവരിപ്പോഴും താമസിക്കുന്നത്. ജിയോളജി വകുപ്പിന്റെ നിര്‍ദ്ദേശമുള്ളതിനാല്‍ പുത്തുമലയിലേക്ക് മടങ്ങാന്‍ ഈ കുടുംബങ്ങള്‍ക്ക് കഴിയുന്നുമില്ല. തീര്‍ത്തും ദുരിതത്തിലായ ഇവര്‍ക്കാണ് രേഖകളില്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ സഹായം നിഷേധിക്കപ്പെട്ടത്.
- 5 years ago
chandrika