ന്യൂഡല്‍ഹി: ഒഡിഷയിലും ജാര്‍ഖണ്ഡിലും ഇടിമിന്നലേറ്റ് 21 മരണം. 18 പേര്‍ ഒഡിഷയിലും മൂന്നു പേര്‍ ജാര്‍ഖണ്ഡിലും ഇടിമിന്നലേറ്റ് മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇടിമിന്നലേറ്റ 10 പേര്‍ അശുപത്രികളില്‍ ചികില്‍സയിലാണ്. കൃഷിയിടത്തില്‍ പണിയെടുക്കുന്നവരാണ് ദുരന്തത്തിനിരയായതെന്നു ദുരന്തനിവാരണ സേന അറിയിച്ചു. ഒഡിഷയിലെ ഭദ്രാക്, ബലസോര്‍, കേന്ദ്രപര എന്നിവിടങ്ങളിലാണ് ഇടിമിന്നലുണ്ടായത്.
ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുകയാണ്. രാജ്യത്ത് 20 സംസ്ഥാനങ്ങളെ മണ്‍സൂണ്‍ കാര്യമായി ബാധിച്ചിട്ടുണ്ട്. ഗുജറാത്തില്‍ പ്രളയത്തില്‍ ഇതുവരെ 213 പേര്‍ മരിച്ചെന്നാണു റിപ്പോര്‍ട്ട്. വെള്ളം ഇറങ്ങിത്തുടങ്ങിയാല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടേയ്ക്കാമെന്നാണു നിഗമനം. അപ്പോള്‍ മരണസംഖ്യ ഇനിയും വര്‍ദ്ധിക്കും.
ബംഗാളില്‍ ഇതുവരെ 31 പേര്‍ മരിച്ചു. മഴക്കെടുതി മിക്ക സംസ്ഥാനങ്ങളിലെയും വീടുകളും റോഡുകളും നശിപ്പിച്ചു. ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. ദുരിതാശ്വാസ ക്യാംപുകളില്‍ നൂറുകണക്കിനു ജനങ്ങളാണ് കഴിയുന്നത്.