X
    Categories: NewsViews

പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ഗള്‍ഫില്‍ തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍


നെടുമ്പാശേരി: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ഗള്‍ഫില്‍ പണപ്പിരിവ് നടത്തി കിട്ടിയ തുകക്ക് സ്വര്‍ണം വാങ്ങി കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദ് അബ്ദുല്‍ റഹ്മാനാണ് പിടിയിലായത്. അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് മുട്ടന്‍ഞ്ചേരി തല്ലച്ചേരി ഷാജര്‍ കമാല്‍ എന്നയാളും കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. ഇരുവരില്‍ നിന്നുമായി 56 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. 31 ലക്ഷം രൂപ വില വരുന്ന 860 ഗ്രാം സ്വര്‍ണമാണ് മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ കടത്താല്‍ ശ്രമിച്ചത്. ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശേരിയിലെത്തിയത്.
സ്വദേശമായ മലപ്പുറത്ത് പ്രകൃതി ദുരന്തത്തില്‍പ്പെട്ട് നിരവധി പേര്‍ വിഷമം അനുഭവിക്കുകയാണെന്നും അവരെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചാണ് മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ സുഹൃത്തുക്കളില്‍ നിന്നും മറ്റുമായി പണം പിരിച്ചത്. ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങളും, ഫോട്ടോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചായിരുന്നു സഹായ ഫണ്ട് സ്വരൂപിച്ചത്. താന്‍ നാട്ടിലെത്തി നേരിട്ട് വിതരണം ചെയ്യുമെന്നാണ് ഇയാള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഈ തുകയും കൈവശമുണ്ടായിരുന്ന തുകയും ചേര്‍ത്ത് സ്വര്‍ണം വാങ്ങി ഇയാള്‍ അനധികൃതമായി നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു. ആകെ 860 ഗ്രാം തൂക്കം വരുന്ന 7 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഇയാളില്‍ നിന്നും പിടികൂടിയിട്ടുള്ളത്. സ്വര്‍ണം ബാഗേജില്‍ തേയിലക്കകത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഷാജര്‍ കമാലില്‍ നിന്നും 909 ഗ്രാം സ്വര്‍ണ മിശ്രതമാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് ഷാജര്‍ കമാല്‍ കൊച്ചിയിലെത്തിയത്.
ലഗേജ് പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. സ്വര്‍ണത്തിന് വന്‍തോതില്‍ വില വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് വിഭാഗത്തിനോട് ജാഗ്രത പാലിക്കാന്‍ ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

web desk 1: