X

വിവാദങ്ങളുടെ കുത്തൊഴുക്ക്, ആരെ രക്ഷിക്കാനാണിതെല്ലാം?: വി ഡി സതീശൻ

സർക്കാരിനെതിരെ തുടരെ തുടരെയുള്ള വിഷയങ്ങളാണ് ഉണ്ടാകുന്നതെന്നും ഏത് വിഷയത്തിന് മുൻഗണന നൽകണമെന്ന് പ്രതിപക്ഷത്തിന് അറിയാൻ കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവാദങ്ങളുടെ കുത്തൊഴുക്കാണ് നടക്കുന്നത്. മുഖ്യമന്ത്രിയും, സാംസ്കാരിക മന്ത്രിയും ചെയ്തത് ക്രിമിനൽ കുറ്റമാണ്.

പുറത്തിറക്കിയ റിപ്പോർട്ടിലും കൃത്രിമം കാണിച്ചു. പ്രതിപക്ഷ സമ്മർദ്ദം സഹിക്കവയ്യാതെ സർക്കാർ ഒരു അന്വേഷണസംഘത്തെ നിയോഗിച്ചു. അതിലും രണ്ട് പുരുഷ ഓഫീസർമാരെ വച്ചു. അന്വേഷണം അവരുടെ വഴിയേ പോകണമല്ലോ എന്നും വി ഡി സതീശൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചും അന്വേഷണം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ്, ആരെ രക്ഷപ്പെടുത്താനാണ് ഇതെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിന് വേട്ടക്കാരന്റെ സ്വകാര്യത കാത്തു സൂക്ഷിക്കുന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം എംഎൽഎ മുകേഷിനെതിരായ ആരോപണങ്ങളിൽ ഘടകകക്ഷികളും സിപിഎം ദേശീയ നേതാക്കൾ അടക്കം നടപടി ആവശ്യപ്പെട്ടുവെന്നും എന്നാൽ സിപിഎം നടപടി സ്വീകരിക്കാൻ തയ്യാറായില്ല. ഇത് സ്ത്രീപക്ഷ സർക്കാരല്ല, മറിച്ച് സ്ത്രീ വിരുദ്ധ സർക്കാരാണ്. സാമൂഹ്യവിരുദ്ധരുടെ സങ്കേതം ആയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ്. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണ് ഇതിന് നേതൃത്വം നൽകുന്നത്. ഒരു നിമിഷമെങ്കിലും ആ കസേരയിൽ ഇരിക്കാൻ മുഖ്യമന്ത്രിക്ക് നാണമുണ്ടോയെന്നും വി ഡി സതീശൻ ചോദിച്ചു.

മന്ത്രിമാരുടെ ഉൾപ്പടെ ഫോൺ ചോർത്തുകയാണ്. എന്തിനാണ് ഫോൺ ചോർത്തുന്നത് എന്ന് ചോദിക്കാൻ തന്റേടമുള്ള മന്ത്രിമാർ ഇല്ലാതെ പോയി. കേരളത്തിലെ പൊലീസ് സേനയുടെ മുഴുവൻ തലയിൽ പുതപ്പിട്ട് നിൽക്കേണ്ട അവസ്ഥയാണ്. പൊലീസ് സേനയെ ഏറാൻമൂളികളുടെ സംഘമാക്കി. പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ഗൂഢാലോചന. ഒരു കമ്മീഷണർ അഴിഞ്ഞാടിയിട്ടും മന്ത്രിമാർ അറിഞ്ഞില്ലെന്ന് പറയുന്നു. അത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്, ബിജെപിയുമായുള്ള ബാന്ധവമാണിത്. എന്തും ചെയ്യാൻ മടിക്കാത്ത ക്രിമിനലുകളുടെ സങ്കേതമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.

ഇഎംഎസ് മുതൽ ഉമ്മൻ‌ചാണ്ടി വരെ ഇരുന്ന കസേരയിൽ ഇരുന്ന് ക്രിമിനൽ സംഘങ്ങളെ വളർത്തുകയാണ് പിണയായി വിജയനെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കേരളത്തെ അപമാനിക്കാതെ ഇറങ്ങിപ്പോകു, തെരഞ്ഞെടുപ്പിന്റെ അന്ന് ജാവ്‌ദേക്കറുമായി ഇപി ജയരാജൻ കൂടിക്കാഴ്ച നടത്തി. ജാവ്‌ദേക്കറെ കണ്ടതിൽ അന്ന് കുറ്റപ്പെടുത്തിയില്ല ഇപ്പോൾ ഇപിയെ പുറത്താക്കി. അന്ന് പ്രകാശ് ജാവ്‌ദേക്കറെ പിണറായി വിജയൻ പലതവണ കണ്ടു എന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ പിണറായി വിജയനെയും പാർട്ടി പുറത്താക്കണം. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കന്മാർക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു.

webdesk13: