കണ്ണൂര്‍: ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. പറശ്ശിനിക്കടവ് മുത്തപ്പക്ഷേത്രം വെള്ളത്തില്‍ മുങ്ങി. വെള്ളക്കെട്ട് കാരണം കുറുമാത്തൂര്‍, പൊക്കുണ്ട്, ചെങ്ങളായി, ശ്രീകണ്ഠപുരം, മയ്യില്‍ മേഖലകളില്‍ ജനങ്ങള്‍ കുടുങ്ങികിടക്കുകയാണ്. ഈ മേഖലകളിലേക്ക് അടിയന്തരമായി 10 ബോട്ട് അയക്കാന്‍ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
ഒരു മണിക്കൂറിനകം പോലീസ് 10 ബോട്ടുകള്‍ തയ്യാറാക്കി ഇവിടെ എത്തിക്കും. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് 10 ബോട്ട് കൂടി തയ്യാറാക്കി നിര്‍ത്തും. കടലാക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഫിഷറീസ് വകുപ്പ് ബോട്ട് സജ്ജമാക്കാനും യോഗം തീരുമാനിച്ചു.കണ്ണൂര്‍ നഗരത്തിന് സമീപത്തെ താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്.
. കൊട്ടിയൂരിൽ വ്യാഴാഴ്ച രാവിലെയുണ്ടായ ചുഴലിക്കാറ്റിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ബുധനാഴ്ച വൈകിട്ട് കൊട്ടിയൂരിന് സമീപം അടക്കാത്തോട്ടില്‍ ഉരുള്‍പൊട്ടിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിൽ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും നൽകിയിട്ടുണ്ട്.ജില്ലയിലെ മലയോര മേഖലകളിലെ പുഴകളിൽ പലതും കുതിയോലിച്ച് ഒഴുകുകയാണ്.കൊട്ടിയൂർ കണ്ടപ്പനത്ത് റോഡിൽ മരം കടപുഴകി വൈദ്യുത കമ്പിയിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു.
ജില്ലയുടെ പലമേഖലകളിലും ശക്തമായ കാറ്റോടുകൂടിയുള്ള മഴ പെയ്തുകൊണ്ടിരിക്കുകയാണ് .കണ്ണൂർ നഗരത്തിലടക്കം മരങ്ങൾ കടപുഴകിയതിനെ തുടർന്ന് വൈദ്യുതി ബന്ധം തകരാറിലായി .പലയിടത്തും ഇന്നലെ വൈകിട്ട് മുതൽ വൈദ്യുതി ബന്ധം നിലച്ചു.വളപട്ടണം പുഴ പലയിടങ്ങളിലായി കരകവിഞ്ഞൊഴുകുകയാണ്.മഴയും കാറ്റും ശക്തമായതിനെ തുടർന്ന് ദേശീയ പാതയിൽ പലയിടത്തും ഗതാഗത തടസവും നേരിടുന്നു.