ടോക്കിയോ: ജപ്പാനില്‍ പ്രളയക്കെടുതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ പ്രധാനമന്ത്രി ഷിന്‍സോ ആബെ വിദേശയാത്ര റദ്ദാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് തന്നെ തങ്ങേണ്ടതുകൊണ്ടാണ് ബെല്‍ജിയം, ഫ്രാന്‍സ്, സഊദി, ഈജിപ്ത് യാത്രകള്‍ റദ്ദാക്കേണ്ടിവന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം നൂറ് കവിഞ്ഞു. 112 പേര്‍ മരിച്ചതായി എന്‍.എച്ച്.കെ ടിവി അറിയിച്ചു. 79 പേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഹിരോഷിമയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്-40 പേര്‍. കനത്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറുകണക്കിന് വീടുകളാണ് തകര്‍ന്നത്. നദികള്‍ കരകവിഞ്ഞ സാഹചര്യത്തില്‍ 20 ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സമീപ കാലത്തെ ഏറ്റവും കനത്ത മഴയാണ് ജപ്പാനില്‍ അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജൂലൈയില്‍ സാധാരണ ലഭിക്കുന്ന മഴയയുടെ മൂന്നിരട്ടിയാണ് വ്യാഴാഴ്ചക്കുശേഷം പെയ്തത്.