ഗുവാഹത്തി/പട്‌ന: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും ബിഹാര്‍, അസം എന്നിവിടങ്ങളിലെ ജനജീവിതത്തെ രൂക്ഷമായി ബാധിച്ചു. ഇരു സംസ്ഥാനങ്ങളിലുമായി നാല്‍പ്പത് ലക്ഷത്തിലധികം പേരാണ് കെടുതികള്‍ നേരിടുന്നത്. അസമില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രളയം ദുരിതം വിതച്ചത്. പശ്ചിമ ബംഗാള്‍, മേഘാലയ സംസ്ഥാനങ്ങളിലും ബുധനാഴ്ച വരെ കനത്തമഴ തുടരുമെന്ന്് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹിമാലയന്‍ മേഖലയിലുണ്ടായ കനത്ത മഴയാണ് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ വെള്ളത്തില്‍ മുക്കിയത്. അസം പൂര്‍ണമായും ബിഹാര്‍ ഭാഗികമായും വെള്ളത്തിനടിയിലായി. നാലു ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും അസമില്‍ 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് ലക്ഷം പേരെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു.
ബ്രഹ്മപുത്രയുള്‍പ്പെടെ നിരവധി നദികളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഗതാഗത സംവിധാനം താറുമാറായി. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടതും ദേശീയപാത 37 അടച്ചതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അസമിനെ തീര്‍ത്തും ഒറ്റപ്പെടുത്തി. വെള്ളപ്പൊക്കത്തിലും പേമാരിയിലും ഞായറാഴ്ച മാത്രം പത്തുപേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതില്‍ ആറ് പേരും കൊക്രജാര്‍ ജില്ലയില്‍ നിന്നാണ്. 22 ജില്ലകളില്‍ 21 ജില്ലകളും വെള്ളപ്പൊക്ക ബാധിതമാണ്. ദൂബ്രി, ഗോക്രജാര്‍, മോറിഗോണ്‍ തുടങ്ങിയ ജില്ലകളിലാണ് വെള്ളപ്പൊക്കം കൂടുതല്‍ ദുരിതം വിതച്ചത്.
സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം ആളുകളെ 6000 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി താമസിപ്പിച്ചിരിക്കുകയാണ്. ദുരന്ത നിവാരണ സേനയും കരസേനയുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
പത്തോളം നദികള്‍ ഇപ്പോഴും കരകവിഞ്ഞ് ഒഴുകുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ബിഹാറിലെ അഞ്ച് ജില്ലകള്‍ വെള്ളത്തിനടയിലായി. ഇരുപത് ലക്ഷത്തിലധികം ആളുകള്‍ കെടുതി നേരിടുന്നു.
സ്ത്രീകളും കുട്ടികളും അടക്കം പത്തുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സ്ഥിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താനും ദുരിതബാധിര്‍ക്ക് സഹായമെത്തിക്കാനും വ്യോമസേനയുടെ സഹായം തേടി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 320 ദുരന്ത നിവാരണ ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ ബിഹാറിലേക്ക് അയച്ചിട്ടുണ്ട്.