X

പ്രളയക്കെടുതി: ഹെല്‍ത്ത് ഹെല്‍പ്ലൈന്‍ നമ്പര്‍

 

പ്രളയക്കെടുതി നേരിടുന്ന പ്രദേശങ്ങളിലേക്ക് വൈദ്യസഹായം എത്തിക്കുന്നതിനും ഷിഫ്റ്റ് ചെയ്യുവാന്‍ സാധ്യമാകാത്ത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരായ രോഗികള്‍ക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കുന്നതിനും ആരോഗ്യവകുപ്പും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ഐ എം എ, ഐ എ പി, കെ ജി എം ഒ എ, പാരാമെഡിക്കല്‍ അസോസിയേഷനുകളും എറണാകുളം ജനറല്‍ ആശുപത്രിയും കൈകോര്‍ത്ത് മെഡിക്കല്‍ ഹെല്‍പ്ലൈന്‍ ആരംഭിച്ചിരിക്കുന്നു. ഹെല്‍പ്ലൈന്‍ നമ്പര്‍: 9946992995.
രക്ഷ തേടിയുള്ള കോളുകളും മറ്റ് സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കോളുകളും ദയവ് ചെയ്ത് ഈ നമ്പറില്‍ വിളിക്കരുത്. വൈദ്യസഹായം തേടിയുള്ള കോളുകള്‍ മാത്രമേ ഇതില്‍ വിളിക്കാവൂ. അല്ലാത്ത പക്ഷം അടിയന്തിര ശ്രദ്ധ വെണ്ടുന്ന ഒരാള്‍ക്ക് ചികിത്സ ലഭിക്കുന്നതിന് കാലതാമസം നേരിടാനനിടയുണ്ട്.
കൊല്ലം കേന്ദ്രീകരിച്ചാണ് ഈ കോളുകള്‍ 24 മണിക്കൂറും കൈകാര്യം ചെയ്യുന്നത്. 30 ലൈനുകളില്‍ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിലേക്ക് വരുന്ന കോളുകള്‍ കൈകാര്യം ചെയ്യാന്‍ കേരളത്തിലെ വിദഗ്ദരായ 300 ഡോക്ടര്‍മാരുടെ പാനലും പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ രോഗിയുടെ നില, രോഗാവസ്ഥ, ലഭ്യമായ മരുന്നുകള്‍, ചികിത്സാസൗകര്യങ്ങള്‍ തുടങ്ങിയവ പരിഗണിച്ച് രോഗിയുടെ ചികിത്സ നിശ്ചയിക്കും. ഷിഫ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കില്‍ അതിനുള്ള ക്രമീകരണങ്ങള്‍ നടത്തും. ഷിഫ്റ്റ് ചെയ്യാനോ മരുന്നുകള്‍ എത്തിക്കുവാനോ സാധിക്കാത്ത സ്ഥലത്താണ് രോഗി ഉള്ളതെങ്കില്‍ മരുന്നുകള്‍ നേവിയുടെ സഹായത്തോടെ എയര്‍ ഡ്രോപ്പ് ചെയ്യും. തുടര്‍ന്ന് രോഗിയുമായോ കൂടെയുള്ളവരുമായോ ബന്ധപ്പെട്ട് മരുന്നുകള്‍ എങ്ങനെ കഴിക്കണമെന്ന് നിര്‍ദ്ദേശിക്കും.
രോഗികളുടെ ചികിത്സ നിശ്ചയിക്കുന്നതിനായി രോഗികളെ അടിയന്തിര സഹായം വേണ്ടവര്‍ ഇപ്പോള്‍ ഉള്ള സ്ഥലത്ത് തന്നെ ചികിത്സ ലഭ്യമാക്കാനാവുന്നവര്‍, നിരീക്ഷണത്തില്‍ വെക്കേണ്ടവര്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കും.
രോഗി നിലവിലുള്ളത് എത്തിപ്പെടാവുന്ന സ്ഥലം, എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലം എന്നിങ്ങനെ തിരിച്ച് ചികിത്സ ലഭ്യമാക്കാനാണ് നടപടി സ്വീകരിക്കുക. ഓരോ രോഗിയുടെയും കേസ് ഷീറ്റ് ഓണ്‍ലൈനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഉള്ള കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. ഇത് പ്രിന്റെടുത്ത് സൂക്ഷിക്കും. 15 മിനിട്ട് കൂടുമ്പോള്‍ ഗൂഗിളിന്റെ സഹായത്തോടെ ചികിത്സയുടെ പുരോഗതി അപ്‌ഡേറ്റ് ചെയ്യും.
നിലവില്‍ പ്രളയബാധിത മേഖലകളിലെ മിക്ക ആശുപത്രികളും വെള്ളത്തിലായതിനാല്‍ മരുന്നുകളുടെ ലഭ്യത കുറവാണ്. സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിക്കുന്ന മരുന്നുകള്‍ എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ആണ് എത്തിക്കേണ്ടത്. അവശ്യ മരുന്നുകള്‍ നല്‍കാന്‍ സന്നദ്ധതയുള്ള സ്ഥാപനങ്ങളും വ്യക്തികളും മരുന്നുകള്‍ ലഭ്യമാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

chandrika: