കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ ഭീതി പരത്തി യു.പിയിലെ യമുനാ നദിയിലും ബിഹാറില്‍ ഗംഗാ നദിയിലും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു. സംഭവം ഇരു സംസ്ഥാനങ്ങളേയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ യമുനാ നദിയിലൂടെ ഒഴുകി വരുന്നത് നിരവധി മൃതദേഹങ്ങളാണ്. ഇതോടെ പ്രദേശത്തെ ജനങ്ങള്‍ കോവിഡ് പരക്കുമോ എന്ന പേടിയിലാണ്. ഒഴുകി വരുന്ന മൃതദേഹങ്ങള്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടേതാണോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞു കൂടിയതോടെ ഇവ നദിയില്‍ ഒഴുക്കിയതാകാമെന്ന സംശയം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ കണ്ടെത്തി സംസ്‌കരിക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
മരിച്ചവരുടെ കണക്കുകള്‍ സംസ്ഥാന സര്‍ക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ പക്കലില്ലെന്നതും ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഹാമിര്‍പൂര്‍, കാണ്‍പൂര്‍ ജില്ലകളില്‍ ധാരാളം പേര്‍ കോവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്നും ഇവരുടെ മൃതദേഹങ്ങള്‍ യമുനാ നദിയിലൊഴുക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം മരിച്ചവരുടെ മൃതദേഹം പുഴയിലൊഴുക്കുന്ന ആചാരം യമുനാ നദിയുടെ തീരപ്രദേശങ്ങളിലെ ചില ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഹാമിര്‍പൂര്‍ അസിസ്റ്റന്റ് പൊലീസ് സുപ്രണ്ട് അനൂപ് കുമാര്‍ സിംഗ് പറഞ്ഞു. നേരത്തേ വല്ലപ്പോഴുമാണ് മൃതദേഹങ്ങള്‍ കണ്ടിരുന്നതെങ്കില്‍ കോവിഡ് വ്യാപനത്തിന് പിന്നാലെ നിരവധി മൃതദേഹങ്ങളാണ് നദിയിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് പടരുമെന്ന് ഭയന്നാണ് പലരും സംസ്‌കരിക്കാതെ മൃതദേഹം നദിയിലൂടെ ദൂരേക്ക് ഒഴുക്കി വിടുന്നതിന് മറ്റൊരു പ്രധാനകാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ബിഹാറിലെ ബക്‌സറില്‍ ഗംഗയിലൂടെ 50ഓളം മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഇതിന്റെ നടക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. യു.പി – ബിഹാര്‍ അതിര്‍ത്തിയിലുള്ള ചൗസ പ്രദേശത്താണ് മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത്. പുലര്‍ച്ചെ നദിയില്‍ മൃതദേഹങ്ങള്‍ കണ്ട പ്രദേശവാസികള്‍ പരിഭ്രാന്തരായി. ഉത്തര്‍പ്രദേശില്‍ നിന്ന് ഒഴുകി എത്തിയവയാകാം മൃതദേഹങ്ങളെന്നാണ് പ്രാദേശിക ഭരണകൂടങ്ങള്‍ പറയുന്നത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേങ്ങള്‍ സംസ്‌കരിക്കാനോ ദഹിപ്പിക്കാനോ ബന്ധുക്കള്‍ക്ക് സ്ഥലം ലഭിക്കാതിരുന്നതുമൂലം അവ ഒഴുക്കിവിട്ടതാവാം എന്നാണ് സംശയം. 40 മുതല്‍ 50 വരെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ഒഴുകി എത്തിയതായി ചൗസ ജില്ല അധികൃതര്‍ പറഞ്ഞു. നദിയില്‍ എറിഞ്ഞതാവാം ഇവയെന്ന് കരുതുന്നതായി അവര്‍ അറിയിച്ചു. ഗംഗയില്‍ വെള്ളം കുറഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ പലതും കരക്കടിഞ്ഞിരിക്കുകയാണ്. മൃതദേഹങ്ങള്‍ കടിച്ചു വലിച്ച് നായ്ക്കള്‍ ബഹളം വെച്ചതോടെയാണ് സംഭവം ആളുകളുടെ ശ്രദ്ധയില്‍ പതിഞ്ഞത്. അതേ സമയം 150 ഓളം മൃതദേഹങ്ങളാണ് ഒഴുകിയെത്തിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. അഞ്ച് മുതല്‍ ഏഴ് ദിവസങ്ങളായി നദിയില്‍ ഒഴുകുന്ന മൃതദേഹങ്ങളാണ് ഇവയെന്നാണ് സൂചന. എവിടെനിന്നാണ് മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതെന്ന് കണ്ടത്തേണ്ടതുണ്ടെന്ന് ബിഹാറിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കിയ സംഭവം ബിഹാറും യുപിയും തമ്മിലുള്ള തര്‍ക്കത്തിനും ഇടയാക്കിയിട്ടുണ്ട്. അതേ സമയം ബിഹാറിലും യു.പിയിലും കോവിഡ് മരണങ്ങള്‍ ബി.ജെ.പി, എന്‍.ഡി.എ സര്‍ക്കാറുകള്‍ മൂടിവെക്കുന്നതിന്റെ തെളിവുകളാണ് പുറത്തു വരുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.