ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വ്യാപാര ശൃംഖലയായ വാള്‍മാര്‍ട്ടിന്റെ തീരുമാനത്തില്‍ ലോട്ടറിയടിച്ചത് ഫ്‌ളിപ്കാര്‍ട്ടിലെ നിരവധി ജീവനക്കാര്‍ക്ക്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും സാധാരണ തൊഴിലാളിയില്‍നിന്ന് കോടിപതികള്‍ ആയി മാറിയതിന്റെ ത്രില്ലിലാണ് പലരും.
ഏറ്റെടുക്കലിന്റെ ഭാഗമായി ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരികള്‍ കൈവശംവെച്ചവരില്‍നിന്ന് വാള്‍മാര്‍ട്ട് ഇവ കൂടിയ വിലക്ക് വാങ്ങിയിരുന്നു. ഇത്തരത്തില്‍ ഓഹരി കൈവശം വെച്ചിരുന്നവരില്‍ പലരും ഫ്‌ളിപ്കാര്‍ട്ടിലെ തന്നെ ജീവനക്കാരാണ്. 10,000 ജീവനക്കാരാണ് ഫ്‌ളിപ് കാര്‍ട്ടിലുള്ളത്. ഇതില്‍ നേരത്തെ ഫ്‌ളിപ്കാര്‍ട്ടില്‍ ജോലി നോക്കുകയോ നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയോ ചെയ്യുന്ന 3,000 ത്തോളം പേര്‍ കമ്പനിയുടെ ഓഹരി ഉടമകള്‍ കൂടിയാണ്. ഇവര്‍ക്കാണ് കോര്‍പ്പറേറ്റ് ഇടപാടില്‍ ഭാഗ്യം സിദ്ധിച്ചത്. ഡല്‍ഹി ഐ. ഐ.ടിയില്‍ സഹപ്രവര്‍ത്തകരായിരുന്ന ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും ചേര്‍ന്ന് 11വര്‍ഷം മുമ്പാണ് ഫ്‌ളിപ്കാര്‍ട്ടിന് തുടക്കം കുറിച്ചത്. അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധേയമായ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായി കമ്പനി വളര്‍ന്നതോടെ ഓഹരികള്‍ വിപണിയിലിറക്കി. നൂറു ശതമാനം ബൈബാക് ഗ്യാരണ്ടിയോടെയായിരുന്നു ഓഹരി വില്‍പ്പന.
വാള്‍മാര്‍ട്ടുമായുള്ള ചര്‍ച്ചകള്‍ക്ക് അവസാന നിമിഷം വരെ ചുക്കാന്‍ പിടിച്ച സച്ചിന്‍ ബന്‍സാല്‍ ഒടുവില്‍ ഒരാഴ്ച മുമ്പ് നിരാശയോടെ കളംവിടുകയായിരുന്നു. അതേസമയം കോ ര്‍പ്പറേറ്റ് ഏറ്റെടുക്കല്‍ മറ്റു പല ജീവനക്കാര്‍ക്കും നേട്ടമാണ് നല്‍കിയത്. ഇടപാടിന്റെ ഭാഗമായി ഫ്‌ളിപ് കാര്‍ട്ടിന്റെ ഒരു ഓഹരിക്ക് 150 ഡോളര്‍ ആണ് (10,000 രൂപ) വാള്‍മാര്‍ട്ട് വില നിശ്ചയിച്ചത്. ആയിരക്കണക്കിന് ഓഹരികള്‍ കൈവശം വെച്ച ജീവനക്കാര്‍ ഇതോടെ ലോട്ടറിയടിച്ച ത്രില്ലിലായി. ഫ്‌ളിപ്കാര്‍ട്ടിന്റെ മൊബൈല്‍ വാലറ്റ് പെയ്‌മെന്റ് വിഭാഗമായ ഫോണ്‍പിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഷമീര്‍ നിഗം, മുന്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍ അമോദ് മാളവ്യ, മുന്‍ ഓപ്പറേഷന്‍ പ്രസിഡണ്ട് സുജീത് കുമാര്‍ തുടങ്ങി അനേകം പേര്‍ ഇത്തരത്തില്‍ നേട്ടമുണ്ടാക്കിയവരുണ്ട്.
അപ്രതീക്ഷിതമായി കോടികള്‍ കൈവന്നതോടെ പലരും ആഢംബര ഫ്‌ളാറ്റുകളും കാറുകളും സ്വന്തമാക്കി ജീവിതം അടിച്ചുപൊളിക്കാന്‍ തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും മറ്റും നിക്ഷേപം നടത്തുന്ന മറ്റു ചിലരുമുണ്ട്. 2000 കോടി ഡോളറാണ്(1.34 ലക്ഷം കോടി രൂപ) കോര്‍പ്പറേറ്റ് ഇടപാടിന്റെ ഭാഗമായി ഫ്‌ളിപ്കാര്‍ട്ടിന് മൊത്തം വിലയിട്ടിരിക്കുന്നത്. ഇതില്‍ 1600 കോടി ഡോളറിന്റെ ഓഹരി പങ്കാളിത്തമാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്.