X
    Categories: Culture

305 യാത്രക്കാരുമായി പറന്ന വിമാനത്തില്‍ പ്രധാന പൈലറ്റിന് രണ്ടു മണിക്കൂര്‍ സുഖനിദ്ര

ഇസ്്‌ലാമാബാദ്: പാകിസ്താനിലെ ഇസ്്‌ലാമാബാദില്‍നിന്ന് ലണ്ടനിലേക്ക് 305 യാത്രക്കാരുമായി പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം പറക്കുമ്പോള്‍ പ്രധാന പൈലറ്റ് പുതച്ചുമൂടി ഉറങ്ങുകയായിരുന്നു. യാത്രക്കാരെ അത്യന്തം അപകടകരമായ സാഹചര്യത്തിലേക്ക് തള്ളിവിട്ട് രണ്ടര മണിക്കൂറാണ് പൈലറ്റ് സുഖമായുറങ്ങിയത്. ഈ സമയമത്രയും വിമാനം നിയന്ത്രിച്ചത് ഒരു ട്രെയിനി പൈലറ്റ് മാത്രമായിരുന്നു.
ഏപ്രില്‍ 26ന് നടന്ന സംഭവം വിവാദമായതോടെ പൈലറ്റിന് ജോലി തെറിച്ചുവെന്നാണ് വിവരം. വിമാനത്തിന്റെ പ്രധാന പൈലറ്റും പരിശീലകനുമായ അമീര്‍ അക്തര്‍ ഹഷ്മിയാണ് ബിസിനസ് ക്ലാസ് കാബിനില്‍ കിടന്ന് ഉറങ്ങിയത്. ട്രെയിനിയായ മുഹമ്മദ് ആസാദ് അലിയെ പരിശീലിപ്പിക്കുന്നതിനു പകരം വിമാനത്തിന്റെ മുഴുവന്‍ നിയന്ത്രണവും അയാളെ ഏല്‍പിച്ച് ഹഷ്മി ഉറങ്ങാന്‍ പോകുകയായിരുന്നു. മുഖ്യ ഓഫീസറായ അലി ഹസ്സന്‍ യസ്ദാനിയും വിമാനത്തിലുണ്ടായിരുന്നു. പരിഭ്രാന്തരായ യാത്രക്കാര്‍ പൈലറ്റ് ഉറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി. പുതച്ചുമൂടി ഉറങ്ങുന്ന പാകിസ്താന്‍ പൈലറ്റിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
ഹഷ്മിക്കെതിരെ യാത്രക്കാര്‍ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന് പരാതി നല്‍കിയിട്ടുണ്ട്. പാക് പൈലറ്റുമാരുടെ സംഘടനയായ പാകിസ്താന്‍ എയര്‍ലൈന്‍സ് പൈലറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ് ഹഷ്മി. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വക്താവ് സമ്മതിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. വിമാനം പറത്തിയിരുന്ന ട്രെയിനിക്ക് പരിശീലനം നല്‍കാന്‍ ചുമതലപ്പെട്ടയാളായിരുന്നു അദ്ദേഹം. എന്നാല്‍ കുറ്റക്കാരനായ പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ മടി കാണിച്ചതായും ആക്ഷേപമുണ്ട്.

chandrika: