മുംബൈ: യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. മുംബൈ-ജയ്പൂര്‍ ജെറ്റ് എയര്‍വേസ് വിമാനമാണ് തിരിച്ചിറക്കിയത്. 166 യാത്രക്കാരുമായി രാവിലെ മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന 9 ഡബ്ല്യു 697 വിമാനമാണ് ജീവനക്കാരുടെ അശ്രദ്ധമൂലം തിരിച്ചിറക്കേണ്ടി വന്നത്.
വിമാനത്തിനുള്ളിലെ മര്‍ദം കുറഞ്ഞതാണ് യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നത്. മര്‍ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാര്‍ മറന്നതാണ് ഇതിനു കാരണം. വിമാനത്തിലുണ്ടായിരുന്ന 30 പേര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. നിരവധി പേര്‍ക്ക് തലവേദനയും അനുഭവപ്പെട്ടു.
വിമാനത്തില്‍ മര്‍ദം താണതിനെത്തുടര്‍ന്ന് ഓക്‌സിജന്‍ മാസ്‌കുകള്‍ പുറത്തുവന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് വിമാനം മുംബൈയ്ക്ക് തിരിച്ചുവിടുകയായിരുന്നു.
കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
Watch Video: