കരിപ്പൂർ: കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് ആറിരട്ടി വർധിപ്പിച്ച് വിമാനക്കമ്പനികൾ. ഡിസംബർ ഒന്നുമുതൽ വർധന പ്രാബല്യത്തിൽവരും. 11 മാസത്തിനിടെ ഏഴാംതവണയാണ് നിരക്കുവർധന. എന്നാൽ മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നുള്ള നിരക്കിൽ വർധനയില്ല.
ക്രിസ്‌മസ്, പുതുവത്സരാഘോഷവും ഗൾഫിൽ വിദ്യാലയങ്ങളുടെ അവധിക്കാലവും മുൻകൂട്ടിക്കണ്ടാണ് കൊള്ള. തുടർച്ചയായി വിമാനനിരക്ക് ഉയരുമ്പോഴും കേന്ദ്രം ഇടപെടുന്നില്ല. ഇത്തിഹാദ് എയർവേയ്സിൽ പുതുവത്സര ദിനത്തിൽ തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് ഇക്കണോമി ക്ലാസിന് 75,000 രൂപയാണ് നിരക്ക്. നിലവിൽ പതിനായിരത്തിനുതാഴെയാണ് നിരക്ക്.
നിലവിൽ 50,000 രൂപയുള്ള ബിസിനസ് ക്ലാസിന് 1,61,213 രൂപ നൽകണം. കരിപ്പൂർ, നെടുമ്പാശേരി നിരക്കിലും കാര്യമായ മാറ്റമില്ല. നിലവിൽ കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽനിന്ന് ദുബായ് ഇക്കോണമി ക്ലാസിന് 26,417 രൂപയും ബിസിനസ് ക്ലാസിന് 42,960 രൂപയുമാണ് ഇത്തിഹാദ് എയർലൈൻസ് ഈടാക്കുന്നത്. ഇത് യഥാക്രമം അരലക്ഷവും 83,527 രൂപയുമാവും. മറ്റു വിമാനക്കമ്പനികളുടെ നിരക്കും ഇതേപോലെ വർധിക്കും.
കേരളത്തിൽനിന്ന് യുഎഇ സെക്ടറിൽ കൂടുതൽ സർവീസ് നടത്തുന്ന എയർ ഇന്ത്യാ എക്സ്പ്രസ് ഡിസംബർ ഒന്നുമുതൽ നാലിരട്ടിമുതൽ ആറിരട്ടിവരെ നിരക്ക് വർധിപ്പിച്ചു. നിലവിലെ 13,500 രൂപ 78,000 ആകും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽനിന്നും യുഎഇയിലേക്ക് പറക്കാൻ 60,000 മുതൽ 78,000 രൂപവരെ നൽകേണ്ടിവരും.
ദുബായിൽനിന്ന് കണ്ണൂർ, കരിപ്പൂർ, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ഡിസംബർ എട്ടുമുതൽ 22വരെ 32,880 മുതൽ 42,617 രൂപവരെയാണ് എയർഇന്ത്യ ഈടാക്കുക. നിലവിൽ 12,000 രൂപയാണ്. ഷാർജ, അബുദാബി വിമാനത്താവളങ്ങളിൽനിന്ന് കേരളത്തിലേക്ക് ഡിസംബർ രണ്ടും മൂന്നും വാരങ്ങളിൽ 31,907മുതൽ 42,117 രൂപവരെയാണ് യാത്രാനിരക്ക്.
കണ്ണൂർ, കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽനിന്ന് ദുബായ്, അബുദാബി, ഷാര്ജ വിമാനത്താവളങ്ങളിലേക്ക് യാത്രചെയ്യണമെങ്കിൽ ഡിസംബർ 26 മുതൽ ജനുവരി എട്ടുവരെ 35,555 മുതൽ 44,037 രൂപവരെയാണ് നിരക്ക്. 12,000 രൂപയിൽനിന്നാണ് ഈ വർധന. അവധിക്കാലം മുതലെടുത്ത് കാലങ്ങളായി തുടരുന്ന വിമാനക്കമ്പനികളുടെ ആകാശക്കൊള്ളയ്ക്കെതിരെ പ്രതിഷേധം കനക്കുകയാണ്.