നേപ്പാളില്‍ കഴിഞ്ഞ ദിവസം തകര്‍ന്നുവീണ യെതി എയര്‍ലൈന്‍സ് യാത്ര വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വിമാനത്താവള ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നതിലൂടെ അപകടത്തിന്റെ ശരിയായ കാരണം വ്യക്തമാവും. വിമാനത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 72 പേരുമായി കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം പൊഖറ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ഒരുങ്ങുമ്പോഴാണ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ആരെയും രക്ഷിക്കാനായില്ലെന്ന് നേപ്പാള്‍ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.