X
    Categories: keralaNews

വിവാഹം ശരിയാവുന്നില്ല; വധുവിനെ തേടി ഫ്‌ളക്‌സ് സ്ഥാപിച്ച് യുവാവ്

എത്ര ശ്രമിച്ചിട്ടും വിവാഹം ശരിയാവാതെ വന്നതോടെ അറ്റകൈ പ്രയോഗം നടത്തിയിരിക്കുകയാണ് കാണക്കാരി സ്വദേശിയും മില്ലുടമയുമായ അനീഷ് സെബാസ്റ്റ്യന്‍. തന്റെ ഉടമസ്ഥതയിലുള്ള തടിമില്ലിന് മുമ്പില്‍ ഒരു ഫ്‌ളക്‌സ് സ്ഥാപിച്ചു. ‘വധുവിനെ തേടുന്നു. ഡിമാന്റുകള്‍ ഇല്ലാതെ, മൂല്യങ്ങള്‍ മുറുകെപിടിച്ചു കൊണ്ട്, സ്‌നേഹമാണ് വലുതെന്ന ചിന്താഗതിയില്‍ വിവാഹജീവിതത്തിലേക്ക് കടക്കാന്‍ വധുവിനെ ആവശ്യമുണ്ട്’-ഇതാണ് ഫ്‌ളക്‌സിലെ വാചകങ്ങള്‍.

പല കാരണങ്ങള്‍ കൊണ്ട് അനീഷിന്റെ വിവാഹം നീണ്ടു പോയി. ഒടുവില്‍ വിവാഹത്തിന് ഒരുങ്ങിയപ്പോള്‍ പെണ്ണ് കിട്ടാനുമില്ല. വിവിധ മാര്‍ഗങ്ങളിലൂടെ വധുവിനെ തേടിയെങ്കിലും ഒന്നും ശരിയായില്ല. ആ സാഹചര്യത്തിലാണ് ഫ്‌ളക്‌സ് സ്ഥാപിക്കാം എന്ന് അനീഷിന് തോന്നിയത്. തുടര്‍ന്ന് ഫോട്ടോയും പരസ്യ വാചകവും മൊബൈല്‍ നമ്പറും മെയില്‍ ഐഡിയും ഉള്‍പ്പടുത്തി ഫ്‌ളക്‌സ് ഡിസൈന്‍ ചെയ്ത് തന്റെ മില്ലിന് മുമ്പില്‍ സ്ഥാപിക്കുകയും ചെയ്തു.

പിന്നീട് ഈ ഫ്‌ളക്‌സ് സമൂഹമാധ്യമങ്ങളില്‍ വ്യാപമായി പ്രചരിച്ചു. ഇതോടെ ഏതാനും ആലോചനകള്‍ വന്നു. ”വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ ചില ആലോചനകള്‍ വന്നു. എന്നാല്‍ അത്ര ഗൗരവമായി ഒന്നും തോന്നിയില്ല. ജീവിതകാലം മുഴുവന്‍ ഒപ്പം ജീവിക്കാനുള്ള ആളെ ആണല്ലോ തേടുന്നത്. ഇപ്പോഴാണെങ്കില്‍ കോവിഡിന്റെ പ്രതിസന്ധികളുമുണ്ട്. എന്തായാലും എല്ലാം വേഗം ശരിയാകുമെന്നാണ് പ്രതീക്ഷ”- അനീഷ് പറഞ്ഞു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: