കൊച്ചി: മരട് ഫഌറ്റില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നോട്ടീസിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫഌറ്റുടമകള്‍. നാളെമുതല്‍ മരട് നഗരസഭക്കു മുന്നില്‍ ധര്‍ണ്ണ നടത്തും. ഫഌറ്റിനു മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യഗ്രഹം തുടങ്ങുമെന്നും ഫഌറ്റുടമകള്‍ വ്യക്തമാക്കി.
അതേസമയം, സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഉണ്ടെങ്കില്‍ മാത്രമേ മരടിലെ ഫഌറ്റുടമകളെ ഒഴിപ്പിക്കുകയുള്ളൂവെന്ന് മരട് നഗരസഭ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടീസ് നിയമാനുസൃതം അല്ലെന്ന ഫഌറ്റുടമകളുടെ മറുപടി സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. നോട്ടീസിന് 12 പേരാണ് മറുപടി നല്‍കിയതെന്നും ആരിഫ് ഖാന്‍ അറിയിച്ചു.
മരടിലെ ഫഌറ്റുകളില്‍ നിന്നൊഴിയണമെന്ന് നിര്‍ദ്ദേശിച്ചുള്ള നോട്ടീസിന്റെ കാലാവധി നാളെ അവസാനിക്കും. ഇതിനിടയിലാണ് 12 ഫഌറ്റുടമകള്‍ ഒഴിപ്പിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയത്. അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫഌറ്റുകളില്‍ നിന്നൊഴിയില്ലെന്നും നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.