ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തി കര്‍ഷക പ്രക്ഷോഭം കത്തുന്നു. താങ്ങുവില ഉറപ്പാക്കാമെന്നും ആശങ്കയുള്ള വ്യവസ്ഥകള്‍ ഭേദഗതിചെയ്യാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചെങ്കിലും നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. ‘ഡല്‍ഹി ചലോ’ എന്നു പേരിട്ട പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മറ്റു സംസ്ഥാനങ്ങളിലെ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിക്കെത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 14-ന് രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡല്‍ഹി അതിര്‍ത്തികള്‍ സ്തംഭിപ്പിച്ച് രണ്ടാഴ്ചപിന്നിട്ട പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമാക്കാന്‍ തീരുമാനിച്ചതായി കര്‍ഷകനേതാവ് ദര്‍ശന്‍പാല്‍ സിങ് മാധ്യമങ്ങളെ അറിയിച്ചു. തലസ്ഥാനം കൂടുതല്‍ സ്തംഭിപ്പിക്കുന്ന പ്രക്ഷോഭങ്ങളിലേക്കാണ് സമരക്കാര്‍ നീങ്ങുന്നത്. ശനിയാഴ്ച ഡല്‍ഹി-ജെയ്പുര്‍ ദേശീയപാതയും ആഗ്ര-ഡല്‍ഹി എക്‌സ്പ്രസ് പാതയും ഉപരോധിക്കുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചു. നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ റോഡുകള്‍ ഒന്നിനുപിറകെ ഒന്നായി ഉപരോധിക്കുമെന്നും മുന്നറിയിപ്പു നല്‍കി.
ബുധനാഴ്ച കേന്ദ്ര കൃഷിമന്ത്രിയുമായി നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന് അവസാന നിമിഷം സംഘടനകള്‍ പിന്‍വാങ്ങി. നിയമം പിന്‍വലിക്കാതെ ഇനി കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ചക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. ചൊവ്വാഴ്ച രാത്രി ആഭ്യന്തരമന്ത്രി അമിത് ഷാ 13 കര്‍ഷകസംഘടനകളുടെ നേതാക്കളുമായി നടത്തിയ ചര്‍ച്ച നടത്തിയെങ്കിലും മുന്‍ നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഇതില്‍ ക്ഷുഭിതരായാണ് ഇനി ചര്‍ച്ചക്കില്ലെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചത്.