X

ഫാല്‍ക്കണ്‍ കൊത്തി അര്‍ജന്റീനയുടെ കൊടി

കമാല്‍ വരദൂര്‍

ഫാല്‍ക്കണ്‍ എന്നാല്‍ നമ്മുടെ പരുന്ത്. വീട്ടിന് മുകളിലൂടെ വട്ടമിട്ട് പറക്കുന്ന പരുന്തുകളെ നമ്മള്‍ ബഹുമാനിക്കാറില്ലല്ലോ… കോഴികുഞ്ഞുങ്ങളെയും കൊച്ചു വളര്‍ത്തുമൃഗങ്ങളെയുമെല്ലാം റാഞ്ചാനെത്തുന്ന ശത്രുവാണല്ലോ നമുക്ക് പരുന്തുകള്‍…. എന്നാല്‍ നിങ്ങളൊന്ന് ദോഹയിലേക്ക് വരു. ഇവിടെ ഫുട്‌ബോള് കഴിഞ്ഞാല്‍ അറബികളുടെ പ്രധാന വിനോദങ്ങളിലൊന്ന് പരുന്തിനെ വളര്‍ത്തലും പറത്തലുമാണ്. പക്ഷി വിഭാഗത്തിലെ രാജാവാണ് ഇവിടെ ഫാല്‍ക്കണ്‍. വില കേട്ട് ഞെട്ടാതിരിക്കുക മൂന്ന് കോടി വരെയുണ്ട് ഇവന്. ഇന്നലെ ഫോട്ടോഗ്രാഫര്‍ റുബിനാസ് കോറ്റേടത്തിനൊപ്പം സുക്ക് വാകഫിലെത്തിയപ്പോള്‍ ഒരു ഭാഗത്ത് വന്‍ ജനക്കൂട്ടം. അവിടെ ഫാല്‍ക്കന്‍ പ്രദര്‍ശനമാണ്. കൂറ്റന്‍ സുന്ദര ഫാല്‍ക്കണുകള്‍. അവയെ നിങ്ങളുടെ കൈകളില്‍ തരും. ഫോട്ടോയെടുക്കാം, വീഡിയോയെടുക്കാം അഞ്ച് മിനുട്ടാണ് ഒരാള്‍ക്ക് സമയം. പത്ത് റിയാല്‍ കൊടുക്കണം. സുന്ദരനായ അറബി ആദ്യം ടിക്കറ്റ് തരുന്നു. നമ്മള്‍ ക്യു പാലിക്കുന്നു. ഊഴമെത്തുമ്പോള്‍ കൈയ്യില്‍ പ്രത്യേക ഗ്ലൗസ് അണിയും. എന്നിട്ട് ഫാല്‍ക്കണെ നമുക്ക് തരും. എന്തൊരു ഭംഗിയാണ് പരുന്തിനെന്ന് അരികില്‍ കിട്ടുമ്പോഴാണ് മനസിലാവുക.

പരമ്പരാഗത അറബ് സംസ്‌ക്കാരത്തില്‍ സാഹസികതക്ക് വലിയ സ്ഥാനമുണ്ട്. മരുഭൂമിയിലുടെ നടത്തുന്ന കാര്‍ സവാരികള്‍, കുതിര സവാരികള്‍, ഒട്ടകപ്പുറമേറിയുള്ള മണലാരണ്യ സഞ്ചാരം, മല്‍സ്യബന്ധനം തുടങ്ങിയവ ബദൗന്‍ കാലഘട്ടം മുതലുണ്ട്. മരുഭൂമിയില്‍ ദിശയറിയാന്‍ മിടുക്കനാണ് ഫാല്‍ക്കണ്‍. കൊച്ചു മൃഗങ്ങളെ വേട്ടയാടി പിടിക്കാനും അറബികള്‍ ഫാല്‍ക്കണെ അയക്കും. വീട്ടിലൊരു ഫാല്‍ക്കണ്‍അത് അറേബ്യന്‍ ആഢ്യത്വത്തിന്റെ അടയാളമാണ്. കോടികള്‍ വില നല്‍കി ഫാല്‍ക്കണെ വാങ്ങി അവയെ വീട്ടില്‍ വളര്‍ത്തുന്ന, വലിയ ചടങ്ങുകളില്‍ അവയെ കൈകളിലേന്തി പോവുന്ന അറബികളുണ്ട്. സുക് വാകഫില്‍ പരുന്തുകള്‍ക്കായി ആശുപത്രിയുമുണ്ട്. അവിടെ ഒന്ന് കയറിയപ്പോള്‍ കണ്ടത് നൂറ് കണക്കിന് അറബികള്‍ സ്വന്തം ഫാല്‍ക്കണുകളുമായി അവിടെ ക്യു പാലിക്കുന്നു. ചെറിയ അസുഖങ്ങള്‍ക്ക് മരുന്ന് തേടിയെത്തിയവരാണ് എല്ലാവരും. മൂന്ന് ഡോക്ടര്‍മാരാണ് ഇവിടെ. 140 ഫാല്‍ക്കണുകളെ ഒരു ദിവസം പരിശോധിക്കും. ഡോക്ടര്‍മാര്‍ ഫാല്‍ക്കണുകളെ പരിശോധിക്കുന്നത് കാണാന്‍ തന്നെ രസമാണ്. അവ കൃത്യമായി ഡോക്ടറുടെ ടേബിളില്‍ ഇരിക്കും. ചില ഫാല്‍ക്കണുകളെ നല്ല വസ്ത്രം ധരിപ്പിച്ചിട്ടുണ്ട്. അവയുടെ തൂവലുകളെല്ലാം വെട്ടിയൊതുക്കി കളര്‍ ചെയ്തിട്ടുണ്ട്. പ്രത്യേക തരം തൊപ്പിയും ധരിപ്പിച്ചിരിക്കുന്നു. കൊച്ചു ബുര്‍ക ധരിച്ച ഫാല്‍ക്കണെയും കണ്ടു. ചികില്‍സക്കെത്തുന്ന ഫാല്‍ക്കണുകള്‍ക്കെല്ലാം കേസ് ഡയറിയുണ്ട്. അത് ഫയലാക്കി സുക്ഷിക്കുന്നു. പ്രായമായ ഫാല്‍ക്കണുകള്‍ക്ക് അവയുടെ ചിറക് ശസ്ത്രക്രിയയിലുടെ മാറ്റി വെക്കുന്നു. മസാജ് പോലും ആശുപത്രിയില്‍ നല്‍കപ്പെടുന്നു.

ഇനി നമ്മള്‍ സുകിലെ അറിയപ്പെടുന്ന ഫാല്‍ക്കണ്‍ ബിസിനസുകാരന്‍ ഖാലിദ് അല്‍ ഖാജയിലേക്കാണ് പോവുന്നത്. സിറിയക്കാരനാണ് കക്ഷി. പക്ഷേ വര്‍ഷങ്ങളായി ഖത്തറില്‍. മരുഭൂമിയില്‍ തന്നെയാണ് 45 കാരന്റെ ജീവിതം. സുകിലെ അദ്ദേഹത്തിന്റെ കടയില്‍ 400 ഫാല്‍ക്കണുകളുണ്ട്. ഇവക്ക് മൊത്തം കോടികള്‍ വരും. പുതിയ കാലത്ത് ഫുട്‌ബോളുണ്ടെങ്കില്‍ ആദ്യ കാലത്തെ പ്രധാന വിനോദം ഖത്തരികള്‍ മറക്കില്ലെന്നാണ് തന്റെ വളര്‍ന്നു വരുന്ന ബിസിനസ് ചൂണ്ടിക്കാട്ടി കാജ പറയുന്നത്. അറബ് മേഖലയുടെ മൊത്തം അടയാളമാണ് ഫാല്‍ക്കണുകള്‍. ഫാല്‍ക്കണുകള്‍ക്കായി സൗന്ദര്യ മല്‍സരങ്ങള്‍ നടത്താറുണ്ട്. സഊദി അറേബ്യ ഉള്‍പ്പടെ പല അറബ് രാജ്യങ്ങളില്‍ നിന്നും അറബികള്‍ സ്വന്തം ഫാല്‍ക്കണുകളുമായി വരും. വിജയിക്ക് നല്‍കുന്നത് നാല് കോടി. ഫാല്‍ക്കണുകള്‍ക്ക് പേരിടുന്നതും രസകരം. ഫുട്‌ബോള്‍ പ്രിയരായ ഉടമകള്‍ മെസിയുടെയും നെയ്മറുടെയും പേരുകള്‍ നല്‍കുന്നു. കഥകള്‍ തീര്‍ന്നില്ല ലോകകപ്പ് വേളയില്‍ ഫാല്‍ക്കണുകള്‍ ഭാഗ്യചിഹ്നമാണ്. കളിക്ക് മുമ്പ് മല്‍സരിക്കുന്ന രാജ്യങ്ങളുടെ പതാകകള്‍ ഫാല്‍ക്കണുകള്‍ക്ക് മുന്നില്‍ വെക്കും. അവയോട് വിജയിക്കുന്ന ടീമിന്റെ കൊടി എടുക്കാന്‍ പറയും. ഉദ്ഘാടന മല്‍സരത്തില്‍ ഖത്തറും ഇക്വഡോറുമായിരുന്നല്ലോ കളിച്ചത്. സൂകിലെ ഫാല്‍ക്കണ്‍ ആദ്യം ഖത്തറിന്റെ കൊടി കൊത്തിയപ്പോള്‍ അറബികള്‍ ഹാപ്പി. പക്ഷേ വളരെ വേഗം ആ കൊടി താഴെയിട്ട് ഫാല്‍ക്കണ്‍ ഇക്വഡോറിന്റെ കൊടി ഉയര്‍ത്തി. അതോടെ അറബികള്‍ നിരാശര്‍. കളിയില്‍ ഖത്തര്‍ തോല്‍ക്കുകയും ചെയ്തു. ഇതോടെ ഫാല്‍ക്കണുകള്‍ പ്രവചന വീരന്മാരായി. ഇന്ന് ഫൈനലാണല്ലോ സൂകിലെ ഫാല്‍ക്കണ്‍ ഇന്നലെ അര്‍ജന്റീനയുടെ കൊടിയാണ് എടുത്തത്….. ഫ്രാന്‍സുകാര്‍ ജാഗ്രതൈ…

Test User: