തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കക്കുറിച്ചു. വിഖ്യാദ സാഹിത്യകാരന് സമര്‍പ്പിച്ച ഒന്നാം വേദിയായ എംടി നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് കല്‍വിളക്കില്‍ തിരിതെളിച്ചു ഉദ്ഘാടനം ചെയ്തു.
”എം.ടിയുടെ സൃഷ്ടികള്‍ക്ക് വ്യത്യസ്ത ആഖ്യാനങ്ങള്‍ ഉണ്ടാകുന്ന ഇടാമായിരുന്നു കലോത്സവ വേദികള്‍. വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നൃത്തം അതിജീവനത്തിന്റെ കാഴ്ചയാണ്. നാടിന്റെ സാംസ്‌കാരിക പൈതൃകത്തെ മുന്നില്‍ നയിക്കേണ്ടവരാണ് ഈ കുട്ടികള്‍. ആ തിരിച്ചറിവോടെ ഇതില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ. ദുരന്തങ്ങളെ അതിജീവിക്കുമ്പോഴും ജീവിതം ഉത്സവമാക്കാനുള്ള സ്വപ്നം കാണുന്നവരാണ് നിങ്ങള്‍.ഒരു തലമുറയിലെ എല്ലാ സര്‍ഗ്ഗ വൈഭവവും ഒന്നിക്കുന്ന ഇടം . ഇത്തരം ഒരിടം ലോകത്ത് മാറ്റ് എവിടെ എങ്കിലും ഉണ്ടോ എന്ന് സംശയമാണ്. അന്യംനിന്നുപോകുന്ന നാടന്‍കലകളും അനുഷ്ഠാനകലകളും കലോത്സവത്തിലൂടെ നിലനില്‍ക്കുന്നു. വൈജ്ഞാനിക വികാസം മാത്രമല്ല വ്യക്തിത്വത്തിന്റെ വികാസം കൂടി വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നു.കുട്ടികളിലെ കലാപരമായ ശേഷികള്‍ മാത്രമല്ല നന്മകള്‍ കൂടി പ്രകാശിപ്പിക്കാന്‍ വിദ്യാഭ്യാസത്തിനാകണം.നഷ്ടപ്പെടുന്ന നന്മ കലയിലൂടെ വീണ്ടെടുക്കാന്‍ ആകുമെന്നും” മുഖ്യമന്ത്രി പറഞ്ഞു.
25 വേദികളിലായി പതിനയ്യായിരത്തിലേറെ കലാകാരന്‍മാര്‍ വരുംദിവസങ്ങളിലായി പങ്കെടുക്കും. 25 നദികളുടെ പേരിലാണ് 25 വേദികള്‍. നീണ്ട 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനന്തപുരി കലയുടെ പെരുന്നാളിന് വേദിയാകുന്നത്. പുത്തരിക്കണ്ടം മൈതാനിയിലാണ് ഭക്ഷണപ്പന്തല്‍. കലോത്സവ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ മത്സര ഇനങ്ങളാകും.