X

ലോകകപ്പ് കാലത്തെ കൊടികളും പേരാമ്പ്രയിലെ പതാകയും തമ്മില്‍

ലോകകപ്പു കാലത്ത് അര്‍ജന്റീനയുടെ പതാക കെട്ടാന്‍ പൈസ കൊടുത്തിട്ടുണ്ട്. ഞങ്ങളേക്കാള്‍ വലിയ പതാക കെട്ടണമെന്ന വാശിപ്പുറത്ത് വലിയ സംഖ്യ കൊടുത്തു പതാക കെട്ടിയ ബ്രസീല്‍ ഫാന്‍സും എന്റെ വിളയിലുണ്ട്. നമ്മുടെ നാടൂറ്റിപ്പോയ ഇംഗ്ലണ്ടിന്റെയും ഫ്രാന്‍സിന്റെയും പോര്‍ച്ചുഗലിന്റെയും കൊടികള്‍ കെട്ടി ഐക്യപ്പെട്ടവരും ഇന്നാട്ടിലുണ്ട്. ഇപ്പോഴുമുണ്ട്.

കേരളത്തിലെ ഒട്ടുമിക്ക ജനങ്ങളും സാര്‍വദേശീയരാവുന്ന ഒരേ ഒരു സമയം ഫുട്‌ബോള്‍ ലോകകപ്പു കാലത്താണ്. ഇന്ത്യയുടേതല്ലാത്ത കുറേ തരം പതാകകള്‍ നാടിന്റെ മുക്കിലും മൂലയിലും പാറിപ്പറക്കുന്നതു കാണാം. അക്കാരണത്തിന്റെ പേരില്‍ ഇക്കാലം വരെ ആര്‍ക്കെങ്കിലുമെതിരെ കേസെടുത്തതായി അറിവില്ല.

ലോകകപ്പു കാലത്തു മാത്രം സാര്‍വദേശീയരാവാനും അല്ലാത്ത കാലത്ത് ഇടുങ്ങിയ ദേശീയതക്കകത്തു കഴിയാനും അനുശാസിക്കുന്ന ഭരണഘടനയാണോ നമുക്കുള്ളത്? അല്ലല്ലോ.

അപ്പൊ പിന്നെ പേരാമ്പ്ര കോളജിലെ കുട്ടികള്‍ക്കെതിരെ കേസെടുത്തത് അന്താരാഷ്ട്ര തെണ്ടിത്തരമാണ്. അതിനി പാകിസ്ഥാന്‍ പതാകയാണെന്നു തന്നെ വെക്കുക. അപ്പോഴും അവര്‍ കല്‍പിച്ചു കൂട്ടി പ്രവര്‍ത്തിച്ചതല്ല. ശ്രദ്ധക്കേടു കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ആയിപ്പോയതാണ് എന്നു എസ്.എഫ്.ഐക്കാര്‍ക്കു പോലുമറിയാം. ലോകകപ്പു കാലത്ത് നാം അറിഞ്ഞു ചെയ്ത തെറ്റിനോളം വരില്ലല്ലോ അറിവില്ലാതെ ചെയ്ത ഈ തെറ്റ്.

ഇനി അതൊക്കെ പോട്ടെ. നമ്മുടെ കുട്ടികള്‍ സ്‌കൂള്‍ വിടാന്‍ നേരത്ത് എന്നും ചൊല്ലുന്ന ദേശീയ ഗാനമുണ്ടല്ലോ, ജനഗണമന. അതിനകത്തെ ‘പഞ്ചാബു സിന്ധ് ഗുജറാത്ത് മറാഠ’ എന്ന വരിയിലെ സിന്ധ് എവിടെയാണ്? പാകിസ്ഥാനില്‍. അപ്പൊ ഇന്ത്യന്‍ ദേശീയതയുടെ ആഗോള കേളീശൈലി ഗാനമായ ജനഗണമനയില്‍ പോലും പാകിസ്ഥാനെ കൂട്ടിച്ചേര്‍ക്കുന്നുവെങ്കില്‍ പിന്നെ അന്നാട്ടിലെ പതാക ഇവിടെ ഉയര്‍ത്തുന്നതിലെന്താണു തെറ്റ്?

ഈ ദേശീയഗാനം ഉണ്ടാക്കിയ വ്യക്തി രബീന്ദ്രനാഥ ടഗോറാണല്ലോ. Nationalism is a menace അഥവാ ദേശീയത ഒരു ശല്യമാണെന്നാണ് ഒരിക്കല്‍ അദ്ദേഹം പറഞ്ഞത്. ലോകം ഒരു പക്ഷിക്കൂടു പോലെ ഒന്നാവട്ടെ എന്ന് ഉത്കടമായി ആഗ്രഹിച്ചിരുന്നു ടഗോര്‍. അത്രമേല്‍ സാര്‍വദേശീയനായ ടഗോറിന്റെ വരികള്‍ തന്നെ അതിര്‍ത്തി കെട്ടിയുണ്ടാക്കിയ ഇന്ത്യയുടെ ഔദ്യോഗിക ഗാനമായി വെച്ചത് വിധിവൈപരീത്യമാവാം.

Test User: