കൊച്ചി: ഒ.ടി.ടി. ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. ഫഹദ് നായകനായ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ലോക്ഡൗണ്‍ കാലത്തും പിന്നീടും മൂന്ന് ചിത്രങ്ങളാണ് ഫഹദിന്റേതായി ഒ.ടി.ടി. റിലീസിനെത്തിയത്. മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത സീ യൂ സൂണ്‍, നസീഫ് യൂസഫ് ഇയ്യുദീന്റെ ഇരുള്‍, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി എന്നിവയായിരുന്നു ചിത്രങ്ങള്‍.
ഇനിയും ഒ.ടി.ടി. റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തിയേറ്റര്‍ കാണുകയില്ലെന്നാണ് ഫിയോക്കിന്റെ നിലപാട്. മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്ക് ഉള്‍പ്പടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്ന് ഫിയോക്ക് മുന്നറിയിപ്പ് നല്‍കി. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യയോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്.
ഫഹദ് ഫാസിലുമായി നടന്‍ ദിലീപും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ചിരുന്നു. സംഘടനയുടെ തീരുമാനം അറിയിക്കുകയും ഒരു തീരുമാനത്തില്‍ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു.