കുമളി: അഞ്ചുവയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്നു കഴുത്തറുത്തു കൊന്നു. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കോംബൈയിലാണു നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തില്‍ അഞ്ചുവയസ്സുകാരന്റെ അമ്മ ഗീത (25), രണ്ടാനച്ഛന്‍ ഉദയകുമാര്‍ (32), ഗീതയുടെ സഹോദരി ഭുവനേശ്വരി (23), അവരുടെ ഭര്‍ത്താവ് കാര്‍ത്തിക് (25) എന്നിവരാണ് അറസ്റ്റിലായത്.
കോംബൈ മധുരവീരന്‍ സ്ട്രീറ്റില്‍ മുരുകനെയാണു ഗീത ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിലെ ആണ്‍കുട്ടിയെ ആണു കൊലപ്പെടുത്തിയത്. 2 വര്‍ഷം മുന്‍പ് ഈ ബന്ധം ഉപേക്ഷിച്ച് ഉദയകുമാറിനെ വിവാഹം ചെയ്തു. ഗീത രണ്ടാം വിവാഹത്തിനു ശേഷം തന്റെ മാതാപിതാക്കള്‍ താമസിക്കുന്നതിനു സമീപം തന്നെയാണു താമസിച്ചിരുന്നത്. ആദ്യബന്ധത്തിലെ ആണ്‍കുട്ടി ഗീതയുടെ മാതാപിതാക്കള്‍ക്കൊപ്പമാണു കഴിഞ്ഞിരുന്നത്. ഈ കുട്ടി ഇടയ്ക്കിടെ ഗീതയുടെ അടുത്ത് എത്തുമായിരുന്നു. ഇതിന്റെ പേരില്‍ രണ്ടാം ഭര്‍ത്താവായ ഉദയകുമാര്‍ ഗീതയുമായി വഴക്കിടുന്നതു പതിവായി.
ഇതേസമയം ഗീതയുടെ സഹോദരി ഭുവനേശ്വരിയും ഭര്‍ത്താവ് കാര്‍ത്തിക്കും ഇവരുടെ വീട്ടിലെ പതിവുസന്ദര്‍ശകരായിരുന്നു. വീട്ടിലെ വഴക്കിനിടെ ഗീതയും കാര്‍ത്തിക്കും തമ്മിലും ഭുവനേശ്വരിയും ഉദയകുമാറും തമ്മിലും അടുപ്പത്തിലായി. ഇതോടെ ആദ്യബന്ധത്തിലെ കുട്ടി തങ്ങളുടെ അവിഹിതബന്ധത്തിനു തടസ്സമാകുമെന്നു കണ്ട ഇവര്‍ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നു പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി 9നു കോംബൈ മൃഗാശുപത്രിക്കു സമീപത്തെ ചുടുകാട്ടില്‍ കൊണ്ടുവന്നു കൊലപ്പെടുത്തിയ ശേഷം കുട്ടിയെ കാണാനില്ലെന്നു പൊലീസില്‍ പരാതി നല്‍കി. രാത്രി 8 മുതല്‍ കുട്ടിയെ കാണാനില്ല എന്ന പരാതി ലഭിച്ച പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഒരു കുട്ടിയുടെ മൃതദേഹം ചുടുകാട്ടില്‍ കിടക്കുന്ന വാര്‍ത്ത പ്രചരിച്ചു. പ്രദേശത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാര്‍ത്തിക് കുട്ടിയെ കൂട്ടിക്കൊണ്ടു നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. രാത്രി കാര്‍ത്തിക്കിന്റെ ഓട്ടോറിക്ഷ തിരികെ പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. തുടര്‍ന്നു കാര്‍ത്തിക്കിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.
കൊലപാതകത്തിനു പദ്ധതി തയാറാക്കിയ ശേഷം കാര്‍ത്തിക് തന്റെ ഓട്ടോറിക്ഷയില്‍ ഉദയകുമാര്‍, ഗീത, ഭുവനേശ്വരി എന്നിവരെ ചുടുകാട്ടില്‍ ഇറക്കിവിട്ട ശേഷം നടന്നു വീട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ചുടുകാട്ടില്‍ എത്തിച്ച കുട്ടിയെ കല്ലു കൊണ്ടു തലയ്ക്കടിച്ചു ബോധം കെടുത്തി. പിന്നീടു തറയിലടിച്ചു. മരണം ഉറപ്പാക്കാന്‍ കഴുത്തറുത്തു. ചുടുകാട്ടില്‍ 3 പേര്‍ ചേര്‍ന്നു തന്റെ കുട്ടിയെ കൊല ചെയ്യുമ്പോള്‍ ഇവിടേക്ക് ആരും വരുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഗീത കാവല്‍ നില്‍ക്കുകയായിരുന്നു.