X

ആലുവയില്‍ അഞ്ച് വയസുകാരിയുടെ കൊലപാതകം: ശിക്ഷാവിധി ശിശുദിനമായ നവംബര്‍ 14 ന്

ആലുവയില്‍ 5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന്റെ ശിക്ഷാ വിധി നവംബര്‍ 14ന് ശിശുദിനത്തില്‍. കേസിലെ വാദം പൂര്‍ത്തിയായി. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കടുത്ത ശിക്ഷ നല്‍കുന്ന വകുപ്പുകള്‍ പരിഗണിക്കും.

എന്നാല്‍ വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിക്ക് നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്, കുടുംബസ്ഥിതി മോശമാണ് എന്നിവ പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. എറണാകുളം പ്രത്യേക പോക്‌സോ കോടതിയിലാണ് വാദം നടന്നത്. പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.

പ്രതിക്ക് മാനസിക സ്ഥിരത ഇല്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. അതുകൊണ്ടാണോ പൊലീസ് ചോദിച്ചിട്ട് ഒരു കാര്യവും പറയാതിരുന്നതെന്ന് കോടതി പ്രതിഭാഗത്തോട് ചോദിച്ചു. അതുകൊണ്ട് ആണോ ജയില്‍ സൂപ്രണ്ടിനോട് കഴിഞ്ഞ ദിവസം മലയാളത്തില്‍ സംസാരിച്ചത്. മാനസിക സ്ഥിരത ഇല്ലെന്ന് ആണോ ഉണ്ടെന്ന് ആണോ ഇതില്‍ നിന്ന് മനസ്സിലാക്കുന്നത് എന്നും കോടതി ചോദിച്ചു. പ്രതിക്ക് മാനസിക സ്ഥിരത ഇല്ലാത്തതുകൊണ്ടാണ് കാര്യങ്ങള്‍ ഒന്നും പറയാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

16 വകുപ്പുകളാണ് അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അടക്കമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്ന് കഴിഞ്ഞ ദിവസം കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു. വധശിക്ഷ ലഭിക്കാവുന്ന 4 വകുപ്പുകളില്‍ ഉള്‍പ്പെടെയാണ് പ്രതി കുറ്റക്കാരന്‍ എന്ന് ജഡ്ജി കെ സോമന്‍ വിധിച്ചത്.

 

webdesk13: