സീസണിലെ ആദ്യ ലാലീഗ മല്‍സരത്തില്‍ മെസിയുടെ ഇരട്ട ഗോളില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. അലാവസിനെതിരെ നടന്ന പോരാട്ടത്തില്‍ ടീം ക്യാപ്റ്റനായി ഇറങ്ങിയ ആര്‍ജന്റീനിയന്‍ നായകന്‍ ആദ്യ മത്സരത്തില്‍ തന്നെ ആരാധകരെ ഹരം കൊള്ളിച്ചാണ് മടങ്ങിയ. മത്സരത്തില്‍ ടീം നേടിയ മൂന്ന് ഗോളില്‍ രണ്ടും നായകന്റെ വകയായിരുന്നു. ഒന്നാം പകുതിയില്‍ മെസിയുടെ സുന്ദരമായ ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടി മടങ്ങിയ ആവേശകരമായ കിക്കിനും മത്സരം സാക്ഷിയായി. മത്സരത്തിന്റെ അറുപത്തിനാലാം മിനുട്ടില്‍ മറ്റൊരു അതിസുന്ദര ഫ്രീകിക്കിലുടെയായിരുന്നു ടീമിന് ലീഡ് സമ്മാനിച്ച മെസിയുടെ ആദ്യ ഗോള്‍.
പിറകെ ഫിലിപ്പോ കുട്ടീന്യോ ഹരംകൊള്ളിച്ച തനത് ശൈലിയിലുള്ള ഗോളിലൂടെ ടീമിന്റെ ലീഡ് ഉയര്‍ത്തി. തുടര്‍ന്ന് മല്‍സരത്തിന്റെ അവസാനത്തിലായിരുന്നു മെസിയുടെ രണ്ടാം ഗോള്‍.
തുടര്‍ച്ചയായി ലാലീഗയില്‍ ടോപ് സ്‌ക്കോറര്‍ പട്ടം നേടാറുള്ള മെസി ഇത്തവണ ആദ്യ മല്‍സരം പിന്നിടുമ്പോള്‍ തന്നെ രണ്ട് ഗോള്‍ സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. എന്നാല്‍ രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ഗോളടിക്കാന്‍ മറക്കുന്ന താരമെന്നാണ് മെസിയെക്കുറിച്ചുള്ള പ്രധാന പരാതി. ലോകകപ്പില്‍ അദ്ദേഹം നാല് മല്‍സരങ്ങള്‍ കളിച്ചു. ആകെ നേടിയത് ഒരു ഗോള്‍ മാത്രം. പക്ഷേ ബാര്‍സക്കായി കളിക്കുമ്പോള്‍ എപ്പോഴും ഗോള്‍വേട്ടക്കാരനാണ് മെസി.
അതേസമയം ഇനിയസ്റ്റ ടീം വിട്ടതോടെ ഇത്തവണ ബാര്‍സിലോണയുടെ നായകനാണ് മെസി. ബാര്‍സയുടെ നായകനായി ഈ സീസണില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതോടെ ലാലീഗ കിരീടം നിലനിര്‍ത്തുമെന്നും യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം തിരിച്ചുപിടിക്കുമെന്നും നൗ കാമ്പില്‍ സ്വന്തം കാണികളോട് മെസി ഉറപ്പ്‌നല്‍കിയിട്ടുണ്ട്. കൃസ്റ്റ്യാനൊ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതോടെ ലാലീഗ മെസിയില്‍ ഒതുങ്ങി നില്‍ക്കുകയാണ്.