ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് വിജയിക്കുമെന്ന് സീ വോട്ടറിന്റെ സര്‍വ്വേ ഫലം. മധ്യപ്രദേശിലും രാജസ്ഥാനിലും തെലങ്കാനയിലും കോണ്‍ഗ്രസിന് വിജയമുണ്ടാവുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എന്നാല്‍ ഛത്തീസ്ഘഢില്‍ മിസോറാമിലും കോണ്‍ഗ്രസ്സിന് ലഭിക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
രാജസ്ഥാനില്‍ വന്‍ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തും. 145 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് സര്‍വ്വേ ഫലം പറയുന്നു. ബി.ജെ.പിക്ക് 45 സീറ്റാണ് സര്‍വ്വേ പ്രവചിക്കുന്നത്. 47.9 % വോട്ട് നേടിയാകും കോണ്‍ഗ്രസ് 145 സീറ്റ് നേടുന്നത്. 39.7 % വോട്ടാണ് ബി.ജെ.പിക്ക് നേടാന്‍ കഴിയുക.
മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷം നേടും. ബി.ജെ.പി 107 സീറ്റ് നേടും. എന്നാല്‍ 42.3 % വോട്ട് നേടുന്ന കോണ്‍ഗ്രസ് 116 സീറ്റ് നേടി കേവലഭൂരിപക്ഷം തികക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു. തെലങ്കാനയില്‍ കോണ്‍ഗ്രസ്-ടി.ഡി.പി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും സര്‍വ്വേയിലുണ്ട്. കോണ്‍ഗ്രസ്-ടി.ഡി.പി സഖ്യം 64 സീറ്റുകളുമായി വ്യക്തമായി ഭൂരിപക്ഷം നേടും.
കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഛത്തീസ്ഗഢില്‍ നടക്കുക. കോണ്‍ഗ്രസിന് 41 സീറ്റുകളും ബി.ജെ.പി 43 സീറ്റുകളും നേടും. മറ്റുള്ളവര്‍ ആറു സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മിസോറാമില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ഉണ്ടാകില്ല. മിസോ നാഷണല്‍ ഫ്രണ്ട് 17 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസിന് 12 സീറ്റുകിട്ടുമെന്നാണ് പ്രവചനം. 9 സീറ്റ് നേടുന്ന സോറം പീപ്പിള്‍സ് മൂവ്‌മെന്റ് നിര്‍ണ്ണായക സ്വാധീനമായി മാറും.
ദ സെന്റര്‍ ഫോര്‍ വോട്ടിങ് ഒപ്പീനിയന്‍ ആന്റ് ട്രന്റ് ഇന്‍ ഇലക്ഷന്‍ റിസര്‍ച്ച് നവംബര്‍ രണ്ടാം വാരം സര്‍വ്വേ നടത്തിയത്. നവംബര്‍ 12 നും ഡിസംബര്‍ ഏഴിനുമാണ് മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11-ന് എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ നടക്കും.