ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ കുറ്റാരോപിതരായവരെ വെറുതെ വിടാന്‍ പ്രത്യേക കോടതി ജഡ്ജ് ജ. സുരേന്ദ്രകുമാര്‍ യാദവ് പറഞ്ഞത് അഞ്ച് കാരണങ്ങള്‍.
1. ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമായിട്ടല്ല
2. കുറ്റാരോപിതര്‍ക്കെതിരെ മതിയായ തെളിവുകളില്ല
3. സിബിഐ ഹാജരാക്കിയ ഓഡിയോ, വീഡിയോ ക്ലിപ്പുകളുടെ ആധികാരികത തെളിയിക്കാനായിട്ടില്ല.
4. സാമൂഹ്യവിരുദ്ധ ശക്തികള്‍ പള്ളി തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കുറ്റാരോപിതരായ നേതാക്കള്‍ അവരെ തടയാന്‍ ശ്രമിക്കുകയായിരുന്നു.
5. സിബിഐ ഹാജരാക്കിയ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് വ്യക്തതയില്ലാത്തതാണ്.
ലഖ്നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങ്ങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്. പ്രതിദിന വിചാരണ നടത്തണം, ജഡ്ജിയെ സ്ഥലം മാറ്റരുത് എന്നീ രണ്ട് ഉപാധികള്‍ വച്ചാണ് സുപ്രിംകോടതി പ്രത്യേക കോടതി രൂപീകരിച്ചിരുന്നത്.
1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം. പിന്നീട് ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തര്‍ക്കകേസില്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം സുപ്രീംകോടതി രാമക്ഷേത്രത്തിനായി വിട്ടു കൊടുത്തിരുന്നു. എന്നാല്‍ മസ്ജിദ് തകര്‍ത്തത് നിയമ ലംഘനമാണ് എന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.