കേരള ഹൈക്കോടതിയിൽ അഞ്ച് ജഡ്ജിമാരെ പുതിയതായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പി കൃഷ്ണകുമാർ, കെ വി ജയകുമാർ, എസ് മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി വി ബാലകൃഷ്ണൻ എന്നിവരെയാണ് നിയമിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യും. എറണാകുളം എന്‍ഐഎ/ സിബിഐ സ്പെഷ്യല്‍ കോടതി ജഡ്ജിയായിക്കെ കനകമല തീവ്രവാദ കേസ്, സുബാനി ഹാജ ഐഎസ്‌ഐഎസ് കേസ്, നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് തുടങ്ങിയ സുപ്രധാന കേസുകളില്‍ കൃഷ്ണകുമാര്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്.
ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറായ കെ വി ജയകുമാര്‍ തൃശൂർ സ്വദേശിയാണ്. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജിയാണ് എസ് മുരളികൃഷ്ണ, ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാറാണ് ജോബിന്‍ സെബാസ്റ്റ്യന്‍. നിലവില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനും ആണ് പി വി ബാലകൃഷ്ണൻ.
സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത 5 പേരെ നിയമിച്ച് രാഷ്ട്രപതി നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഈ അഞ്ച് ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതോടെ ഹൈക്കോടതിയിൽ ജഡ്ജിമാരുടെ എണ്ണം 45 ആയി ഉയരും.