തിരുവനന്തപുരം വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ദാരുണ സംഭവം.
സംഭവത്തില്‍ ഇളവ്പുരം സ്വദേശി പ്രതാപന് (64), ഭാര്യ ഷെര്‍ലി (53) മകന് അഖില്‍ (25)മരുമകള്‍ അഭിരാമി (24) പേരക്കുട്ടി റയാന് (എട്ടുമാസം) എന്നിവരാണ് മരിച്ചത്.
പ്രതാപന്റെ മൂത്തമകന് നിഖില്‍ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.രാത്രിയോടെ ഇരുനില വീടിന്റെ എല്ലാ ഭാഗത്തേക്കും തീ പടരുകയായിരുന്നു. പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട പ്രദേശവാസികള്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു.
ഫയര്‍ഫോഴ്സ് എത്തി തീ തീയണച്ചാണ് എല്ലാവരെയും പുറത്തെത്തിച്ചത്. ഒരാള്‍ക്ക് മാത്രമേ അപ്പോള്‍ ജീവന് ഉണ്ടായിരുന്നുള്ളൂ. വീടിനു മുന്പില് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീ പിടിച്ചിട്ടുണ്ട്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് ഫയര്‍ഫോഴ്സിനെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.