ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും നാല് പെണ്‍മക്കളുമാണ് മരിച്ചത്. വസന്ത് കുഞ്ചിലെ ഫ്ലാറ്റിലാണ് അഞ്ച് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്ലാറ്റ് അകത്തുനിന്ന് പൂട്ടിയ അവസ്ഥയിലായിരുന്നു. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം.
വീടിനകത്തു നിന്നും ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി വീട് പരിശോധിക്കുകയായിരുന്നു. വീടിന്റെ വാതില്‍ പൂട്ടിയ നിലയായതിനാല്‍ അഗ്നിശമന സേനാ വാതിലിന്റെ പൂട്ട് ചവിട്ടി തുറന്നാണ് അകത്തുകയറിയത്.
മരിച്ച ഹീരലാലിന്റെ മൃതദേഹം വീട്ടിലെ ലിവിങ് റൂമില്‍ നിന്നാണ് കണ്ടെത്തിയത്. പെണ്‍മക്കളുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു. മൃതദേഹങ്ങള്‍ക്കു സമീപം ജ്യൂസും വിഷവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സെപ്റ്റംബര്‍ 24ന് ഹീരലാല്‍ വീട്ടിലേക്ക് കയറി പോകുന്ന സിസിടിവി ദൃശ്യങ്ങളില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് വീടിനു വെളിയിലേക്ക് ഇറങ്ങുന്ന ദൃശ്യങ്ങള്‍ ഇല്ല. ഹീര ലാലിന്റെ ഭാര്യ കാന്‍സര്‍ ബാധിച്ച് ഒരു വര്‍ഷം മുന്‍പാണ് മരിച്ചത്.