കാസര്‍കോട്: ഉപ്പളയില്‍ ട്രാവലര്‍ ജീപ്പില്‍ ലോറിയിടിച്ച് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ ദാരുണമായി മരിച്ചു. ജീപ്പ് യാത്രക്കാരായ മംഗളൂരു കെ.സി റോഡ് സ്വദേശികളാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെ നയാബസാര്‍ ദേശീയപാതയില്‍ മംഗല്‍പാടി താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടം. മരിച്ചവര്‍ കര്‍ണാടക സ്വദേശികളാണ്.
മംഗളൂരു ഭാഗത്ത് നിന്നും ചരക്കുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന കെ.എ 23 സി. 0803 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും കാസര്‍കോട് ഭാഗത്ത് നിന്നും കര്‍ണാടകയിലേക്ക് പോവുകയായിരുന്ന കെ.എ 15 പി.9999 നമ്പര്‍ ഫോഴ്സ് ട്രാക്ക് തൂഫാന്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു.
ലോറിയുടെ മുന്‍ വശത്തെ ടയര്‍ പൊട്ടിയത് മൂലം നിയന്ത്രണംവിട്ടു ജീപ്പില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ജീപ്പ് വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. മൂന്നുസ്ത്രീകളും ജീപ്പ് ഡ്രൈവര്‍ അടക്കം രണ്ടു പുരുഷന്മാരുമാണ് മരിച്ചത്. ജീപ്പ് ഡ്രൈവറുടെ മൃതദേഹം ഒരു മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ നാല് കുട്ടികളെ മംഗളൂരിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. തീര്‍ത്ഥാടനത്തിന് പോയ കുടുംബമാണ് അപകടത്തില്‍പെട്ടത്.