X
    Categories: MoreViews

അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

 

കാബൂള്‍: നൂറോളം പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണത്തിന് പിന്നാലെ അഫ്ഗാന്‍ പട്ടാള യൂണിറ്റിന് നേരെ ആക്രമണം. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. സൈന്യം നടത്തിയ തിരിച്ചടിയില്‍ അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടതായി സൈനിക വക്താക്കള്‍ അറിയിച്ചു. ഇന്നലെ രാവിലെ മുതല്‍ മാര്‍ഷല്‍ ഫഹിം നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വെടിയൊച്ചകള്‍ കേട്ടുതുടങ്ങിയതായി ബിബിസി റിപ്പോര്‍ട്ടു ചെയ്തു. അക്കാദമിയുടെ പ്രധാന ഗേറ്റിനപ്പുറം തീവ്രവാദികള്‍ക്ക് പ്രവേശിക്കാനായില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ചെറിയ റോക്കറ്റുകളും ചെറിയ തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു ആക്രമണം. ക്യാമ്പില്‍ കടന്ന ചാവേര്‍ ആണ് ആദ്യം അക്രമണം അഴിച്ചു വിട്ടത്. പിന്നാലെ മറ്റു ഭീകരരും ആക്രമണം നടത്തുകയായിരുന്നു. അക്രമണത്തിന് പിന്നില്‍ താലിബാനും ഐഎസ് തീവ്രവാദികളുമാണെന്ന് അഫ്ഗാന്‍ സുരക്ഷാ വക്താക്കള്‍ അറിയിച്ചു. കഴിഞ്ഞയിടെയായി ഐഎസ് തീവ്രവാദികള്‍ രാജ്യത്ത് അക്രമണം അഴിച്ചു വിടുകയാണ്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് പിന്നിലും ഐഎസ് ആണെന്നും സൈനിക വക്താക്കള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒക്ടോബറില്‍ ഇതേ അക്കാദമിക്ക് പുറത്തുണ്ടായ ആക്രമണത്തില്‍ 22 സൈനിക കാഡറ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. കാബുളിലെ പഴയ ആഭ്യന്തരമന്ത്രാലയത്തിന് സമീപം തന്ത്രപ്രധാനമായ സ്ഥലത്ത് നടന്ന ചാവേറാക്രമണത്തില്‍ നൂറു പേര്‍ കൊല്ലപ്പെട്ടത് ശനിയാഴ്ചയാണ്. ആംബുലന്‍സില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. ഒരാഴ്ച മുമ്പ് ഹോട്ടലില്‍ നടന്ന സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായതായി അഫ്ഗാന്‍ ഇന്റലിജന്‍സ് സര്‍വീസ് മേധാവി മാസൂം ഖാസി അറിയിച്ചു. ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലാകാനുണ്ട്. രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

chandrika: