ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പി.ഡി.പിക്കുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചിരിക്കുകയാണ്. പി.ഡി.പിയുമായുള്ള സഖ്യം പിരിയുകയാണെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് രാം മാധവാണ് പ്രഖ്യാപിച്ചത്.
സഖ്യം പിരിയുന്നതിന് അഞ്ച് കാരണങ്ങളാണ് ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നത്.
-കേന്ദ്രം നല്‍കുന്ന സഹായങ്ങളും ഫണ്ടുകളും മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ല.
-ജമ്മുകശ്മീരില്‍ പി.ഡി.പിയുമായി സഖ്യം തുടരുകയെന്നത് ബി.ജെ.പിക്ക് അസാധ്യമാണ്.
-റൈസിങ് കശ്മീര്‍ എഡിറ്റര്‍ ഷുജാദ് ബുഖാരിയുടെ കൊലപാതക കാര്യവും വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി മുതിര്‍ന്ന നേതാവ് രാം മാധവ് ഉയര്‍ത്തി കാട്ടിയിരുന്നു. ക്രമസമാധാനം തകര്‍ന്നതിന്റെ പ്രധാന ഉദാഹരണമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഭീകര പ്രവര്‍ത്തനങ്ങളും തീവ്രവാദവും മൂലം കശ്മീര്‍ താഴ് വരയിലെ ജനങ്ങളുടെ ജീവനും അവകാശങ്ങളും അപകടത്തിലാണെന്നും രാം മാധവ് പറഞ്ഞു.
-കശ്മീരിലെ രണ്ടു മേഖലകളിലെ ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന വിവേചനമാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടിയത്.
-പി.ഡി.പിക്ക് വികസന അജണ്ടയില്ലെന്നും ബി.ജെ.പി ആരോപിച്ചു.
എന്നാല്‍ റമസാന്‍ മാസത്തിനു ശേഷവും വെടിനിര്‍ത്തല്‍ തുടരണമെന്ന പി.ഡി.പിയുടെ നിലപാടാണ് സഖ്യം പിരിയാന്‍ ബി.ജെ.പി പ്രേരിപ്പിച്ചതിന്റെ യഥാര്‍ത്ഥ കാരണമെന്നാണ് വിലയിരുത്തല്‍. വെടിനിര്‍ത്തല്‍ തുടരണമെന്ന നിലപാടാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടേത്. എന്നാല്‍ അമര്‍നാഥ് യാത്രയുടെ പശ്ചാത്തലത്തില്‍ ഇത് സാധ്യമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതാണ് സഖ്യം പിരിയുന്നതിന് പ്രധാന കാരണമായി രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്.