തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികളില്‍ ചൊവ്വാഴ്ച മാത്രം അഞ്ച് മരണം. രണ്ട് കുട്ടികളുൾപ്പെടെയാണ് അഞ്ച് പേർ മരിച്ചത്. കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.
കോട്ടയം വൈക്കത്ത് വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദൻ (58) ആണ് മരിച്ചത്.ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞാണ് അപകടം. മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.വൈകീട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്.
തിരുവനന്തപുരത്ത് ഒഴുക്കില്‍പ്പെട്ട് അരുവിക്കര പൈക്കോണം ദുർഗാ ക്ഷേത്രത്തിന് സമീപം അനുനിവാസിൽ അശോകന്‍ (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ കാണാതെയാകുകയായിരുന്നു. കിള്ളിയാറിലൂടെ ഒഴുകിവന്ന് വഴയില പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴ കായംകുളത്ത് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണാണ് യുവാവ് മരിച്ചത്. കൊയ്പ്പള്ളിക്കാരാഴ്മ ചിറയിൽ കുളങ്ങര ധര്‍മപാലന്റെ മകന്‍ അരവിന്ദ് (32) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുമ്പോള്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു.
എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് (15) മുങ്ങിമരിച്ചു. വീടിനടുത്തുള്ള തൊട്ടടുത്തുള്ള കണിച്ചാട്ടുപാറ തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
കാസര്‍ഗോഡ് കാഞ്ഞങ്ങാട് 14 വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു. അരയിൽ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ അരയിൽ കാർത്തിക പുഴയിലാണ് അപകടം. മറ്റ് രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി. നീന്തൽ അറിയാതിരുന്ന കുട്ടി ചുഴിയിൽ മുങ്ങിത്താഴുകുകയായിരുന്നു. ഒരു മണിക്കൂർ ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്താനായത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കരിപ്പൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സിനാൻ.