X

ചന്ദ്രയാന്‍ 3 അമ്പിളിയെ തൊടാന്‍ ഇനി അഞ്ചു ദിവസം

ബെംഗളൂരു: പ്രപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പ്പെട്ട് ചന്ദ്രയാന്‍ 3 ഒരു നിര്‍ണായക ഘട്ടം കൂടി കടന്നു. അമ്പിളിയെ തൊടാനുള്ള കാത്തിരിപ്പിന് ഇനി അഞ്ചു ദിവസം മാത്രം. ആഗസ്ത് 23നാണ് ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തിലിറങ്ങുന്ന ചരിത്ര മുഹൂര്‍ത്തം. ഭൂമിയില്‍ നിന്ന് കുതിച്ചുയര്‍ന്നതു മുതല്‍ ഇതുവരേയുള്ള പേടകത്തിന്റെ യാത്രയകളെ നിയന്ത്രിച്ചിരുന്നത് പ്രപ്പല്‍ഷന്‍ മൊഡ്യൂള്‍ ആയിരുന്നു.

ചന്ദ്രനോട് ഏറ്റവും അടുത്ത അഞ്ചാമത്തെ ഭ്രമണ പഥത്തിലേക്ക് ഈ മാസം 16നാണ് പ്രപ്പല്‍ഷന്‍ മൊഡ്യുള്‍ പേടകത്തെ എത്തിച്ചത്. ഇതോടെ വിക്രം എന്ന പേരില്‍ അറിയപ്പെടുന്ന ലാന്‍ഡറും പ്രജ്ഞാന്‍ എന്ന പേരിലുള്ള റോവറും അടങ്ങുന്ന ചന്ദ്രയാന്‍ 3നെ വഹിക്കുന്നതിനുള്ള പ്രപ്പല്‍ഷന്‍ മൊഡ്യൂളിന്റെ ദൗത്യം പൂര്‍ത്തിയായി. തുടര്‍ന്നാണ് പേടകത്തെ വേര്‍പ്പെടുത്തിയത്.

പ്രപ്പല്‍ഷന്‍ മൊഡ്യൂള്‍ മാസങ്ങളോ വര്‍ഷങ്ങളോ ചന്ദ്രന്റെ ഭ്രമണ പഥത്തെ വലംവച്ചു കൊണ്ടിരിക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ നല്‍കുന്ന വിവരം. അതേസമയം ലാന്‍ഡറും റോവറും അടങ്ങുന്ന ചന്ദ്രയാന്‍ 3 ഇന്ന് പുതിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടങ്ങും. 150 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ വലംവച്ചു കൊണ്ടിരിക്കുന്ന ചന്ദ്രയാന്‍ 3നെ ചന്ദ്രനോട് കൂടുതല്‍ അടുപ്പിക്കുന്നതാണ് അടുത്ത ഘട്ടം. ഇന്ന് വൈകീട്ട് നാലു മണിക്കാണ് ഇതിനുള്ള കുതിപ്പ് തുടങ്ങുക.

webdesk11: