X
    Categories: NewsViews

അഞ്ച് മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടങ്ങി; പലയിടങ്ങളിലും കനത്ത മഴ

തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളിലും പോളിങ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെ പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്ക് പോളിങ് പൂര്‍ത്തിയാക്കിയശേഷമാണ് പോളിങ് തുടങ്ങിയത്. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.

അതേസമയം, പലയിടത്തും കനത്ത മഴ തുടരുന്നത് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്കയുണ്ട്. അരൂരിലും കോന്നിയിലും തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലും എറണാകുളത്തും മഴ പെയ്യുന്നുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം,എറണാകുളം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അരൂരിലെ നിരവധി ബൂത്തുകളില്‍ വൈദ്യുതി ബന്ധം തകരാറിലായത് പോളിങ് വൈകാന്‍ കാരണമാകുമെന്നാണ് വിവരം. എറണാകുളത്ത് പലയിടത്തും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ കാരണം എറണാകുളത്ത് അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ 64ാം നമ്പര്‍ ബൂത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കടേരിബാഗിലും വെള്ളക്കെട്ടിനെ തുടര്‍ന്ന് ബൂത്ത് മാറ്റി. എറണാകുളത്ത് വെള്ളം കയറിയ പോളിങ് സ്‌റ്റേഷനുകളിലെത്തുന്ന വോട്ടര്‍മാര്‍ക്ക് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: