X

മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി തീര സംരക്ഷണ സേന രൂപീകരിക്കണം: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളില്‍ നിന്ന് സേവന തല്‍പരരായവരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി തീരസംരക്ഷണസേനക്ക് രൂപം നല്‍കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികള്‍ തന്നെ മുന്നോട്ടുവെച്ച ആവശ്യമാണിത്. ഇത് പ്രായോഗികമായ നിര്‍ദേശമാണ്. ഇത്രയധികം പേര്‍ മരിക്കാനിടയായ സാഹചര്യത്തെ ഗൗരവത്തോടെ സമീപിക്കണം. തീരത്ത് സ്ഥിരമായി സംരക്ഷണ പ്രവര്‍ത്തിക്കുന്നത് ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഉപകരിക്കും. കോസ്റ്റ് ഗാര്‍ഡിന് പുറമെയാണ് ഈ സംവിധാനത്തിന് രൂപം നല്‍കേണ്ടത്. ഇവര്‍ക്ക് തൊഴില്‍ ലഭിക്കുന്ന എന്ന നിലയില്‍ കൂടി ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിലെ അവ്യക്തത പരിഹരിക്കണം. ക്ഷേമനിധി ബോര്‍ഡിലും മത്സ്യഫെഡിലും അംഗങ്ങളല്ലാത്തവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക ലഭ്യമാക്കണം.
മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. കുടുംബനാഥനെ നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നതിനോടൊപ്പം കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം.
വിദ്യാഭ്യാസ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കണം എന്നീ ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ പ്രധാനമായും ഉന്നയിക്കുന്നത്്. ഇതെല്ലാം ന്യായമായ ആവശ്യങ്ങളാണ്. ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കാനുള്ള കൂടുതല്‍ പദ്ധതികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഇക്കാര്യം ഇന്നുചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

chandrika: