കൊല്‍ക്കത്ത: ബീഫ് നിരോധനത്തിനു പിന്നാലെ മീനിനും വിലക്കേര്‍പ്പെടുത്തി സംഘപരിവാര്‍. പശു ഗോമാതാവ് ആണെങ്കില്‍ മത്സ്യം മഹാവിഷ്ണുവിന്റെ അവതാരമാണെന്നാണ് സംഘപരിവാറിന്റെ അവകാശവാദം. ഫേസ്ബുക്ക് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് മത്സ്യം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളില്‍ ഒന്നാണെന്നും അതിനെ ഭക്ഷണമാക്കുന്നവരെ കായികമായി നേരിടുമെന്നുമാണ് സംഘടനയുടെ മുന്നറിയിപ്പ്. ഇതു സൂചിപ്പിച്ച് പോസ്റ്ററുകളും പുറത്തിറക്കിയിട്ടുണ്ട്. ആള്‍ ഇന്ത്യ ഫിഷ് പ്രൊട്ടക്ഷന്‍ കമ്മിറ്റി എന്ന ലേബലിലാണ് സംഘപരിവാര്‍ പുതിയ പ്രചാരണത്തിന് തുടക്കമിട്ടത്. ബംഗാളി ഭാഷയിലുള്ള ട്രോളുകളാണ് ഇത്തരത്തില്‍ പടച്ചുവിടുന്നതില്‍ അധികവും. ആര്‍എസ്എസിന്റെ വര്‍ഗീയ രാഷ്ട്രീയത്തിന് വേരോട്ടമില്ലാത്ത പശ്ചിമബംഗാളിലേക്ക് മീനിനെ കൂട്ടുപിടിച്ച് കടന്നുകയറാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ബംഗാളി ജീവിതത്തില്‍ സുപ്രധാന സ്ഥാനമുള്ള മത്സ്യം സംസ്ഥാനത്ത് ആര്‍എസ്എസ് വേരോട്ടത്തിന് ഹേതുവാകുമെന്നാണ് സംഘടന കരുതുന്നത്. ബംഗാളില്‍ ഇതുവരെ ഇല്ലാത്ത മഹാനവമി ആഘോഷങ്ങളും ഇത്തവണ അരങ്ങേറുമെന്നാണ് വിവരം. ഹിന്ദുത്വതയുടെ പശു രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നതിനൊപ്പം മത്സ്യത്തെ കൂട്ടുപിടിച്ച് ബംഗാളില്‍ ഒരു മാറ്റത്തിന് ശ്രമിക്കുകയാണ് സംഘപരിവാര്‍.