X

ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ്

ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി. ആദ്യ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോണ്‍ ബര്‍ല ഫ്ലാഗ് ഓഫ് ചെയ്തു..145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിൽ പൂർണ്ണമായും വനിതാ ജീവനക്കാരാണ് ഉണ്ടായിരുന്നത്. യാത്രാ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ (76 വയസ്സ്) തീര്‍ത്ഥാടകയായ കോഴിക്കോട് കാര്‍ത്തികപ്പള്ളി സുലൈഖയ്ക്ക് മന്ത്രി ബോര്‍ഡിങ് പാസ് നല്‍കി.

വനിതകൾ മാത്രമുള്ള ആദ്യ ഹജ്ജ് വിമാനം, ഐഎക്സ് 3025, കോഴിക്കോട് നിന്ന് വ്യാഴാഴ്ചയാണ് ജിദ്ദയിലേക്ക് പുറപ്പെട്ടത് ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ.  ബിജിത എം.ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവരായിരുന്നു ക്യാബിൻ ക്രൂ അംഗങ്ങൾ

എയർ ഇന്ത്യ എക്സ്പ്രസിലെ വനിതാ പ്രൊഫഷണലുകളാണ് നിർണായക ഗ്രൗണ്ട് ടാസ്‌ക്കുകൾ നിർവഹിച്ചത്. എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഓപ്പറേഷൻ കൺട്രോൾ സെന്‍ററിൽ സരിതാ സലുങ്കെ വിമാനം മോണിറ്റർ ചെയ്തു, മൃദുല കപാഡിയ വിമാനത്തിന്‍റെ പുരോഗതി നിരീക്ഷിച്ചു. ലീന ശർമ്മയും നികിത ജവാൻജലും ഫ്ലൈറ്റ് ഡിസ്പാച്ച് കൈകാര്യം ചെയ്തു. നിഷ രാമചന്ദ്രൻ എയർക്രാഫ്റ്റ് മെയിന്‍റനൻസ് ചുമതലയുള്ള ഓൺ-ഡ്യൂട്ടി സർവീസ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു. രഞ്ജു ആർ ലോഡ് ഷീറ്റ് പരിശോധിച്ച് ഒപ്പിട്ടു.

സംസ്ഥാനത്തു നിന്നും ആകെ 16 വിമാനങ്ങളാണ് വനിതാ തീർഥാടകരുമായി മാത്രം ഹജ്ജിനായി യാത്ര തിരിക്കുന്നത്. കരിപ്പൂരിൽനിന്ന് 12, കണ്ണൂരിൽ നിന്ന് 3, കൊച്ചിയിൽ നിന്ന് ഒന്ന് വിമാനങ്ങളാണ് വനിതകൾക്കു മാതമായി ക്രമീകരിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഇത്രയും വിമാനങ്ങൾ വനിതാ തീർഥാടകര്‍ക്ക് മാത്രമായി ഹജ്ജ് സർവീസ് നടത്തുന്നത്. വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ എം.പി അബ്ദുസ്സമദ് സമാദാനി എം.പി, ടി.വി ഇബ്രാഹിം എം.എല്‍.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.ഫാത്തിമ സുഹറാബി എന്നിവര്‍ പ്രസംഗിച്ചു. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ മുഹമ്മദ് യാക്കൂബ് ഷേഖ സ്വാഗതവും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ് നന്ദിയും പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, ഹജ്ജ് കമ്മിറ്റി ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

webdesk15: