അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : തൽബിയത്തിന്റെ മന്ത്രധ്വനികളുമായി മലയാളി തീർത്ഥാടകർ വിശുദ്ധ ഭൂമിക്കരികെ . കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഇക്കൊല്ലത്തെ ഹജ്ജ് കർമ്മത്തിനുള്ള ആദ്യ സംഘം ജിദ്ദയിലിറങ്ങി. കണ്ണൂരിൽ നിന്ന് പുലർച്ചെ ഒന്നേമുക്കാലിനുള്ള ഐ എക്സ് 3027 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സഊദി സമയം പുലർച്ചെ 4.50ന് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തി. തിരക്കൊഴിഞ്ഞ ഹജ്ജ് ടെര്മിനലിലെ എമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കി നാലരയോടെ തന്നെ പുറത്തിറങ്ങിയ തീർത്ഥാടകരെ സഊദി കെഎംസിസി ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട്, ചീഫ് കോ ഓർഡിനേറ്റർ അരിമ്പ്ര എന്നിവരുടെ നേതൃത്വത്തിൽ സഊദി ഹജ്ജ് സെല്ലിന്റെയും ജിദ്ദ കെഎംസിസി ഹജ്ജ് സെല്ലിന്റെയും വളണ്ടിയർ ടീം ചേർന്ന് സ്വീകരിച്ചു. 73 പുരുഷന്മാരും 72 സ്ത്രീകളുമാണ് ആദ്യ വിമാനത്തിലെത്തിയത്. കോഴിക്കോട് നിന്നുള്ള ആദ്യവിമാനവും സഊദി സമയം രാവിലെ ഏഴരക്ക് ജിദ്ദയിലിറങ്ങിയിട്ടുണ്ട് . എമിഗ്രെഷൻ നടപടികൾ പൂർത്തിയാക്കി പുറത്തെത്തുന്ന തീർത്ഥാടകരെയും കെഎംസിസി വളണ്ടിയർ സംഘം മക്കയിലേക്ക് യാത്രയാക്കും. മൂന്ന് വിമാനങ്ങളാണ് ഇന്ന് കേരളത്തിൽ നിന്നെത്തുണന്നത്. കണ്ണൂരിൽ നിന്ന് ഒന്നും കോഴിക്കോട് നിന്ന് രണ്ടും വിമാനങ്ങളാണ് ഇന്ന് ജിദ്ദയിലെത്തുന്നത്.
ജിദ്ദ വിമാനത്താവളത്തിൽ കെഎംസിസി നേതാക്കളായ അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്ബ്ര, വി പി മുസ്തഫ, മുഹമ്മദ്‌കുട്ടി പാണ്ടിക്കാട് എന്നിവർക്കൊപ്പം എയർപോർട്ട് വളണ്ടിയർ കോ ഓർഡിനേറ്റർ നൗഫൽ റഹേലി, മുസ്തഫ കോഴിശ്ശേരി, അലി പാങ്ങാട്ട് ഷംസി ചോയിമുക്ക്, ഉമ്മർ മേലാറ്റൂർ ,റഫീഖ് തുടങ്ങിയവർ അല്ലാഹുവിന്റെ അതിഥികളെ സ്വീകരിച്ചു. പുറത്തിറങ്ങിയ തീർത്ഥാടകരുടെ ലഗേജുകളും മറ്റും വളരെ വേഗത്തിൽ മക്കയിലേക്കുള്ള യാത്രക്കൊരുക്കിയ നാല് ബസ്സുകളിലെത്തിച്ചു. ആറ് മണിയോടെ തീർത്ഥാടകർ മക്കയിലേക്ക് പുറപ്പെട്ടു.
അൽപസമയത്തിനകം മക്കയിലെത്തുന്ന തീർത്ഥാടകരെ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സഊദി കെഎംസിസി ഹജ്ജ് സെല്ലിന്റെയും മക്ക കെഎംസിസിയുടെയും നേതാക്കളായ കുഞ്ഞിമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ, മുസ്തഫ മഞ്ഞക്കുളം, സുലൈമാൻ മാളിയേക്കൽ, മുസ്തഫ മലയിൽ, നാസർ കിൻസാറ എന്നിവരുടെ നേതൃത്വത്തിൽ തീർത്ഥാടകരെ സ്വീകരിക്കും. 260 നമ്പർ ബിൽഡിങ്ങിലാണ് ആദ്യ വിമാനത്തിലുള്ള 145 തീർത്ഥാടകർക്കും താമസമൊരുക്കിയിട്ടുള്ളത്. താമസ കേന്ദ്രങ്ങളിൽ തീർത്ഥാടകരെ സഹായിക്കാൻ സഊദി കെഎംസിസി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ, ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി വളണ്ടിയർമാർ രംഗത്തുണ്ട്.