X

ഒന്നാം വാര്‍ഷികാഘോഷത്തിന് ഉദ്യോഗസ്ഥരുടെ തമ്മിലടിയോടെ തുടക്കം: ഡോ. എം.കെ മുനീര്‍

 

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ തമ്മിലടിയെന്ന കലാപരിപാടിയോടെ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ നിയമസഭയിലെ വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് ഡി.ജി.പിയും എ.ഡി.ജി.പിയും തമ്മില്‍ നടന്ന കായികമത്സരം കൃഷിവകുപ്പിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തുടങ്ങിയ ചേരിപ്പോര് ഐ.എ.എസ് ഉദ്യോഗസ്ഥരിലേക്കും വ്യാപിച്ചു. വിജിലന്‍സിനെ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുകയാണ്. വിജിലന്‍സ് വകുപ്പിനെ ഉദ്യോഗസ്ഥരുടെ ചക്കളത്തിപ്പോരാട്ടത്തിനുള്ള വേദിയാക്കി മാറ്റിയതെങ്ങനെയെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
മുന്‍കാലങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരായ പരാതികള്‍ ചീഫ് സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറും അടങ്ങിയ സമിതി പരിശോധിച്ച ശേഷം മാത്രമാണ് തുടര്‍ നടപടിയെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റുള്ളവരെ വെച്ച് ഉദ്യോഗസ്ഥര്‍ നല്‍കുന്ന പരാതിയില്‍ വിജിലന്‍സ് കേസെടുക്കുകയാണ് ചെയ്യുന്നത്. സെക്രട്ടറിയേറ്റില്‍ ഫയല്‍ നീക്കം നടക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി തന്നെ പരിശോധിക്കണം. വിജിലന്‍സ് കേസുകള്‍ പേടിച്ച് ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ തീരുമാനമെടുക്കുന്നില്ല. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഫയലുകളില്‍ പരസ്പരം കുറിപ്പ് എഴുതുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത് ഫയല്‍ നീക്കത്തെ ബാധിക്കുമെന്നും സര്‍ക്കാറിന്റെ പ്രവര്‍ത്തനം നിശ്ചലമാക്കുമെന്നും മുനീര്‍ പറഞ്ഞു.
കൃഷി ഡയറക്ടര്‍ ബിജുപ്രഭാകറും വകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമിയും തമ്മിലുള്ള അടി തുടങ്ങിയിട്ട് എത്ര നാളായി. തന്നെ വിജിലന്‍സ് കേസില്‍ കുടുക്കുമെന്ന ഭയത്താലാണ് കൃഷി ഡയറക്ടര്‍ അവധിയെടുക്കാനൊരുങ്ങുന്നത്. ഇടപെട്ട് പരിഹരിക്കുന്നതിന് പകരം വകുപ്പ് മന്ത്രി നിഷ്‌ക്രിയനായി നോക്കി നില്‍ക്കുകയാണ്. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രി മിണ്ടാതെ നില്‍ക്കുന്നത് കേരളത്തിന് ആപത്താണ്. അടിക്കും അടിക്കും എന്ന് പറഞ്ഞിരുന്നാല്‍ പോര, ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി കര്‍ശന നടപടിയെടുക്കണം. സര്‍വീസിലുള്ള ഉദ്യോഗസ്ഥന്‍ പലരെ കുറിച്ചും എഴുതിയ പുസ്തകം പ്രകാശനം ചെയ്യുന്ന അത്യാപത്തില്‍ നിന്നും മുഖ്യമന്ത്രി രക്ഷപ്പെട്ടത് ഭാഗ്യമായി. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെ കെ.സിജോസഫിന്റെ ഉപദേശം സ്വീകരിച്ച അദ്ദേഹം കെ.സി ജോസഫിനെ കൂടി ഉപദേഷ്ടാവാക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

chandrika: