ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറ് മുതല്‍ 15 വരെ ചേരും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് അടുത്തമാസം 10ന് നടക്കും. വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. 2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. ചടങ്ങിലേക്ക് നിരവധി ലോകനേതാക്കള്‍ അതിഥികളായെത്തിയേക്കുമെന്നും സൂചനയുണ്ട്. തുടര്‍ന്ന് 31 ന് ആദ്യ മന്ത്രിസഭാ യോഗം ചേരും. ഈ യോഗത്തിലാകും 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. അതേസമയം ബജറ്റ് സമ്മേളനം ജൂലായ് 10ഓടെയായിരിക്കും ചേരുകയെന്നാണ് സൂചന. ആരോഗ്യ പ്രശ്‌നങ്ങളുള്ള മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് പകരം പുതിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ധനകാര്യ വകുപ്പ് ഏറ്റെടുത്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അമിത് ഷായുടെ മന്ത്രിസഭാ പ്രവേശനത്തിലും മറ്റ് മന്ത്രിമാരുടെ കാര്യത്തിലും രണ്ട് ദിവസത്തിനുള്ളില്‍ തന്നെ തീരുമാനമായേക്കും. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് വിജയിച്ച അമിത്ഷാ മന്ത്രിസഭയില്‍ രണ്ടാമനായേക്കും എന്ന ചര്‍ച്ചകള്‍ സജീവമായി നിലനില്‍ക്കെയാണ് പുതിയ സൂചനകള്‍ പുറത്തുവരുന്നത്. എന്നാല്‍ അമിത്ഷാ മന്ത്രിസഭയുടെ ഭാഗമാകില്ലെങ്കില്‍ രാജ്‌നാഥ് സിങ് തന്നെയാകും ആഭ്യന്തര മന്ത്രി.
- 6 years ago
chandrika