അബുദാബി:ഏറ്റവും നല്ല പൊതുപ്രവര്‍ത്തകനുള്ള യുഎഇയിലെ കലാ സാംസ്‌കാരിക സംഘടനയായ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യു.എ .ഇ സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ പിടി തോമസ് സ്മാരക അവാര്‍ഡിന് കെ പി സി സി ജനറല്‍ സെക്രട്ടറിയും സംസ്‌കാര സാഹിതി ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്ത് അര്‍ഹനായി.
രാഷ്ട്രീയ നിരീക്ഷകയും സാഹിത്യകാരിയുമായ സുധാ മേനോന്‍ അധ്യക്ഷയായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. രാഷ്രീയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ കലാ, സാംസ്‌കാരിക,സാഹിത്യ,പാരിസ്ഥിക,സിനിമാ രംഗത്തെ സംഭാവനകളും കണക്കിലെടുത്താണ് അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.
ഫെബ്രുവരി 26 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ചുനടക്കുന്ന വീക്ഷണം മഹോത്സവം സാംസ്‌കാരിക പരിപാടിയില്‍വെച്ചു അവാര്‍ഡ് സമ്മാനിക്കും. പിടിയുടെ സഹധര്‍മിണിയും തൃക്കാക്കര എംഎല്‍എയുമായ ഉമാ തോമസ് അടക്കം കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും
തുടര്‍ വര്‍ഷങ്ങളിലും അവാര്‍ഡിനുള്ള മാനദണ്ഡം രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം മറ്റു മേഖലകളിലെ പ്രവര്‍ത്തന മികവ് കൂടിയായിരിക്കുമെന്ന് ഭാരവാഹികളായ എന്‍.പി മുഹമ്മദലി, ഇപി ജോണ്‍സന്‍,രഞ്ജന്‍ ജേക്കബ്, എന്‍ കെ സജീവന്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.