പ്രഥമ പി.എം ഹനീഫ് മെമ്മോറിയൽ അവർഡ് കാട്ടിലങ്ങാടി പി.എം.എസ്.എ കോളേജ് മാഗസിന്. മികച്ച ക്യാമ്പസ് മാഗസിന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നൽകുന്ന അവാർഡാണ് പി.എം ഹനീഫ് മെമ്മോറിയൽ അവർഡ്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, കൃത്യം ഒന്നേ ഇരുപത്തൊന്ന് എന്ന തലവാചകത്തോടെ തയ്യാറക്കപ്പെട്ട മാഗസിനാണ് അവാർഡിന് അർഹമായത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന അവർഡ് നിർണയത്തിലൂടെയാണ് പ്രസ്തുത മാഗസിൻ തെരഞ്ഞെടുത്തത്.
ക്യാമ്പസ് മാഗസിനുകൾ പുതിയ കാലത്തെ ചിന്തകളെയാണ് പ്രകാശിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ സർഗാത്മക ഇടപെടലുകളും പ്രതിരോധവുമാണ് ക്യാമ്പസ് മാഗസിനുകൾ നിർവഹിക്കുന്ന സാമൂഹിക ഉത്തരവാദിത്വം. കലാലയങ്ങളിലെ വിദ്യാർത്ഥി പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ തന്നെ കലാലയങ്ങൾക്ക് പുറത്തുള്ള രാഷ്ട്രീയ, സാമൂഹിക ജീവിതങ്ങളെയും പ്രശ്നങ്ങളെയും വിലയിരുത്താൻ ക്യാമ്പസ് മാഗസിനുകൾ പ്രാപ്തമാക്കുന്നു.
അവാർഡ് നേടിയ മാഗസിനും പുതിയ കാലത്തെ സാമൂഹിക ജീവിതങ്ങളെ കൃത്യമായി നിരീക്ഷിച്ച് ക്രിയാത്മകമായ വിലയിരുത്തലും വിമർശനവും നടത്തുന്നുണ്ട്. പൊള്ളയായ ചിന്തകളോട് കലഹിക്കുന്നതോടൊപ്പം യാഥാർത്ഥ്യ ബോധത്തോടെ സംവദിക്കാനും മാഗസിൻ ശ്രമിക്കുന്നു.
അവസാനഘട്ടത്തിൽ തെരഞ്ഞെടുത്ത മാഗസിനുകളിൽ ദേവഗിരി സെന്റ് ജോസഫ് കോളേജ് മാഗസിൻ ‘തിരിഞ്ഞ് തിരിഞ്ഞ് തിരിഞ്ഞ് ‘, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മാഗസിൻ ‘വെള്ളിരേഖ’, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് മാഗസിൻ ‘ ഒന്നേ സമം രണ്ട്’, എന്നീ മാഗസിനുകൾ പ്രത്യേക ജൂറി പ്രശംസക്ക് അർഹമായി. അവാർഡിന്റെ ആദ്യ പതിപ്പിൽ തന്നെ ക്യാമ്പസ് മാഗസിനുകളുടെ പങ്കാളിത്തം ശ്രദ്ധേയമായി.